ബംഗളൂരു: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ സി.എം. ഇബ്രാഹിം കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ചു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചെന്നും ജെ.ഡി-എസിൽ ചേരുന്ന കാര്യം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽനിന്നു രാജിവെച്ചതിനൊപ്പം നിയമ നിർമാണ കൗൺസിൽ അംഗത്വവും (എം.എൽ.സി) ഉപേക്ഷിച്ചു.
എം.എൽ.സി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള നിയമ നിർമാണ കൗൺസിൽ ചെയർമാനുള്ള കത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖേനയാണ് അയച്ചിട്ടുള്ളതെന്ന് ഇബ്രാഹിം പറഞ്ഞു. കത്ത് ചെയർമാന് കൈമാറണോ വേണ്ടയോ എന്നത് കോൺഗ്രസിന് തീരുമാനിക്കാം. തന്‍റെ രാജി സ്വീകരിച്ചാൽ ബി.ജെ.പിക്ക് കൗൺസിലിൽ ഭൂരിപക്ഷം ലഭിക്കും. ഇത് നിലവിൽ കൗൺസിലിന്‍റെ പരിഗണനയിലുള്ള മതപരിവർത്തന നിരോധന ബിൽ എളുപ്പത്തിൽ പാസാക്കാനാകും. ഈ സാഹചര്യത്തിലാണ് തീരുമാനം കോൺഗ്രസിന് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമ നിർമാണ കൗൺസിലിലെ പ്രതിപക്ഷ നേതാവായി പരിഗണിക്കാതെ തന്നേക്കാൾ ജൂനിയറായ ബി.കെ. ഹരിപ്രസാദിനെ നിയമിച്ചതിലുള്ള അമർഷവും നാളുകളായി തുടരുന്ന അവഗണനയുമാണ് രാജിക്ക് കാരണം. 12 വർഷമായി പാർട്ടിയിലെ പ്രശ്നങ്ങൾ വ്യക്തമാക്കി നിരവധി കത്തുകൾ നൽകിയിട്ടും അതിനൊന്നും പരിഹാരമുണ്ടായില്ലെന്നും മുതിർന്ന നേതാവായിട്ടും രാഹുൽ ഗാന്ധിയുമായോ അധ്യക്ഷ സോണിയാ ഗാന്ധിയുമായോ നേരിട്ട് സംസാരിക്കാൻ കഴിയാറില്ലെന്നുമാണ് രാജി കത്തിൽ പറയുന്നത്. സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിമാരുടെ മറുപടി പറയാൻ പോലും കഴിയാത്തതാണ്.
നിയമ നിർമാണ കൗൺസിലിൽ ജൂനിയറായ ബി.കെ. ഹരിപ്രസാദിനെയാണ് പ്രതിപക്ഷ നേതാവായി പാർട്ടി നിയമിച്ചത്. ആത്മാഭിമാനം സംരക്ഷിക്കാനാണ് ഇപ്പോഴത്തെ രാജിയെന്നും ന്യൂനപക്ഷ വിഭാഗത്തെ കോൺഗ്രസ് വെറും വോട്ടുബാങ്കായി മാത്രമാണ് കാണുന്നതെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചർച്ച ചെയ്ത് ജെ.ഡി-എസിൽ ചേരുന്ന കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇബ്രാഹിം കോൺഗ്രസ് വിടുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. താൻ കോൺഗ്രസ് വിട്ടുവെന്നും അടഞ്ഞ അധ്യായമാണെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, രാജിവെക്കാനുള്ള തീരുമാനം നീട്ടിവെക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഒടുവിൽ അതൃപ്തി തുറന്ന് പറഞ്ഞാണ് കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ശക്തനായ നേതാവ് രാജിവെക്കുന്നത്. സിദ്ധരാമയ്യയുമായുള്ള അതൃപ്തിയും രാജിക്ക് കാരണമായി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്ന സി.എം. ഇബ്രാഹിം 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ജെ.ഡി.എസ് വിട്ടത്. ജെ.ഡി-സിൽനിന്ന് പുറത്തായ സിദ്ധരാമയ്യ 2006ലും ഇബ്രാഹിം 2008ലും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കർണാടകയിൽ സിദ്ധരാമയ്യക്കൊപ്പം ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളെ ചേർത്തുള്ള അഹിന്ദ മുന്നേറ്റത്തിന്‍റെ ഭാഗമായും പ്രവർത്തിച്ചിരുന്നു.
ജെ.ഡി-എസിന്‍റെ ഭാഗമായിരിക്കെ 1999ൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. 1990 കളിലെ എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ് റാൾ സർക്കാറുകളിൽ സിവിൽ ഏവിയേഷൻ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.