ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച മൂന്നാം ഘട്ടം പിന്നിടുമ്പോൾ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രധാന ഏറ്റുമുട്ടൽ സംവരണ വിഷയത്തിൽ. പട്ടിക-ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം പിടിച്ചുപറിച്ച് മുസ്ലിംകൾക്ക് നൽകാനാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന സന്ദേഹം വളർത്താൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നേരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ച് കോൺഗ്രസ്.
സുപ്രീംകോടതി 50 ശതമാനമായി നിശ്ചയിച്ച ജാതി സംവരണ പരിധി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാരത്തിൽ വന്നാൽ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളഞ്ഞ് പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് ആവശ്യാനുസൃത സംവരണം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.
കോർപറേറ്റുകളെ വഴിവിട്ട് സഹായിച്ചു വരുന്ന മോദി സർക്കാർ സ്വകാര്യവത്കരണത്തിലൂടെ ആദിവാസി, ദലിത്, ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സംവരണം നഷ്ടപ്പെടുത്തിയതിന്റെ കണക്കുകളുമായി കോൺഗ്രസ് രംഗത്തുവരുകയും ചെയ്തു.
ഭരണഘടന തിരുത്താൻ ബി.ജെ.പി ഒരുമ്പെടുന്നുവെന്നിരിക്കെ, ഭരണഘടന സംരക്ഷിക്കാനാണ് ഈ തെരഞ്ഞെടുപ്പെന്ന് മധ്യപ്രദേശിലെ റത്ലത്ത് നടത്തിയ പ്രചാരണയോഗത്തിൽ രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. സംവരണഘടന മാറ്റാനുള്ള ഭരണഘടന ഭേദഗതിക്കാണ് ബി.ജെ.പി ഒരുങ്ങുന്നത്.
എന്നാൽ, 400 സീറ്റെന്ന മുദ്രാവാക്യമല്ലാതെ, 150 സീറ്റുപോലും കിട്ടില്ലെന്ന അവസ്ഥയിലാണ് ബി.ജെ.പി. പിന്നാക്കക്കാരെക്കുറിച്ച് മുതലക്കണ്ണീർ പൊഴിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്. ഭരണകൂടത്തെ നിയന്ത്രിക്കുന്നത് 90 ഉദ്യോഗസ്ഥരാണ്.
എന്നാൽ, അതിലൊരാൾ മാത്രമാണ് ആദിവാസി വിഭാഗത്തിൽനിന്നുള്ളത്. മൂന്നു വീതമാണ് പിന്നാക്ക, ദലിത് വിഭാഗ പ്രാതിനിധ്യം. മാധ്യമ, കോർപറേറ്റ് ലോകത്തും പിന്നാക്ക വിഭാഗക്കാർക്ക് പ്രാതിനിധ്യമില്ല. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിൽ വന്നാൽ ജാതി സെൻസസും സാമ്പത്തിക സർവേയും നടത്തുമെന്ന് രാഹുൽ പറഞ്ഞു.
കോർപറേറ്റ് അതികായന്മാരാണ് മോദിയുടെ സുഹൃത്തുക്കളെന്നും അവർക്കായി നടത്തുന്ന ഓരോ സ്വകാര്യവത്കരണവും ആദിവാസി, ദലിത്, ഒ.ബി.സി വിഭാഗക്കാരുടെ സംവരണം ഇല്ലാതാക്കുകയാണെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
കരാർ നിയമനവും സംവരണം അട്ടിമറിക്കുന്നതാണ്. മോദിസർക്കാറിന് കീഴിൽ 2.7 ലക്ഷം കേന്ദ്ര പൊതുമേഖല സ്ഥാപന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 2013ൽ കരാർ തൊഴിലാളികൾ 19 ശതമാനമായിരുന്നത് 2022ൽ 43 ശതമാനമായി വർധിച്ചു. 72 ശതമാനം ഓഹരി വിൽപനയും നടത്തിയത് മോദി സർക്കാറാണെന്നും ജയ്റാം രമേശ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.