ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിസ്ഥാനത്തിന് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഉയർത്തുന്ന വാദഗതികൾ മുൻനിർത്തി മുതിർന്ന നേതാക്കളുമായി വിശദ ചർച്ച നടത്താൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നെഹ്റു കുടുംബാംഗങ്ങളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അനുനയത്തിനും അന്തിമ തീർപ്പിനും വിടുകയാണ് കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിസ്ഥാനം ഊഴമിട്ട് നൽകാമെന്ന നിർദേശമാണ് ഖാർഗെ ചർച്ചകളിൽ മുന്നോട്ടുവെച്ചത്. ആദ്യം സിദ്ധരാമയ്യ. രണ്ടാം പകുതി ഡി.കെ. ശിവകുമാറിന്. സിദ്ധരാമയ്യയുടെ കാലാവധി പൂർത്തിയാകുന്നതുവരെ ശിവകുമാർ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷൻ എന്നിങ്ങനെ ഇരട്ടപ്പദവി. ഇതിന് ശിവകുമാർ സമ്മതംമൂളിയിട്ടില്ല. പദവിമാറ്റ കാലാവധി, ആഭ്യന്തരമടക്കം വകുപ്പു വിഭജനം, മന്ത്രിമാർ തുടങ്ങിയ കാര്യങ്ങളിലും തീരുമാനം വേണ്ടതുണ്ട്.
കർണാടകത്തിലെ രണ്ടു നേതാക്കൾ തമ്മിലുള്ള അവകാശവാദത്തിൽ അന്നാട്ടുകാരനെന്ന നിലയിൽ തീരുമാനമെടുക്കാതെ മുൻ അധ്യക്ഷർകൂടിയായ സോണിയ, രാഹുൽ എന്നിവരുടെ കളത്തിലേക്ക് പന്ത് തന്ത്രപരമായി തട്ടുകയാണ് ഖാർഗെ. സിദ്ധരാമയ്യതന്നെ ആദ്യം മുഖ്യമന്ത്രിയാകുമെന്ന് മിക്കവാറും ഉറപ്പാണെങ്കിലും, സോണിയ-രാഹുൽ വഴിയുള്ള അനുനയം പ്രധാനമാണെന്ന് ഖാർഗെ ചിന്തിക്കുന്നു. സിദ്ധരാമയ്യക്കും ശിവകുമാറിനും നെഹ്റു കുടുംബത്തിന്റെ നിലപാട് കൂടുതൽ സ്വീകാര്യമാവും. രാഹുൽ ഡൽഹിയിലുണ്ടെങ്കിലും സോണിയയും പ്രിയങ്കയും ഷിംലയിലാണ്.
135ൽ 90ഓളം എം.എൽ.എമാർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം അറിയിച്ചിരുന്നു. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പൊതുസ്വീകാര്യനെന്ന നിലയിൽ സിദ്ധരാമയ്യയെ മുന്നിൽ നിർത്തണമെന്നും നേതൃത്വം ചിന്തിക്കുന്നു. 61കാരനായ ശിവകുമാറിൽനിന്ന് വ്യത്യസ്തമായി 75കാരനായ അദ്ദേഹത്തിന് ഇനിയൊരു അവസരമില്ല. ശിവകുമാർ കേസന്വേഷണം നേരിടുന്ന പ്രശ്നവുമുണ്ട്. എന്നാൽ, അത്യധ്വാനംചെയ്ത തനിക്ക് മുഖ്യമന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നും അധികാരം എന്നും സിദ്ധരാമയ്യക്ക് അവകാശപ്പെട്ടതല്ലെന്നുമാണ് ശിവകുമാറിന്റെ നിലപാട്. പാർട്ടിക്ക് ശിവകുമാർ നൽകുന്ന ഊർജസ്വലതയും വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെയും സന്യാസി പ്രമുഖരുടെയും പിന്തുണ ശിവകുമാറിനുള്ളതും നേതൃത്വത്തിന് കണക്കിലെടുക്കാതെയും വയ്യ.
ഡൽഹിയിലേക്കില്ലെന്ന് ആദ്യം ഉടക്കിയ ശിവകുമാർ നിലപാട് മാറ്റി ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. വൈകീട്ട് ഖാർഗെയെ ചെന്നുകണ്ടു. ഖാർഗെയെ നേരത്തേ കണ്ട സിദ്ധരാമയ്യ, ശിവകുമാറിന്റെ ഉപാധികൾ മുൻനിർത്തി വൈകീട്ട് വീണ്ടും ഖാർഗെയുമായി ചർച്ച നടത്തി. ഇരുവരും മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെയാണ് മടങ്ങിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചർച്ചാപുരോഗതി അറിയിച്ച് രാഹുൽ ഗാന്ധിയെയും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.