ചെന്നൈ: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കവെ, തമിഴകത്ത് ഡി.എം.കെ - അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണികൾ തമ്മിലുള്ള പോരാട്ടം മുറുകി. ഏപ്രിൽ 19ന് പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ബുധനാഴ്ച വൈകീട്ട് പരസ്യ പ്രചാരണം സമാപിക്കും. ദേശീയ- പ്രാദേശിക രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ ഓരോ ഇലക്ഷനിലും മുന്നണികൾ മാറി ഭാഗ്യപരീക്ഷണം നടത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിലായിരിക്കും മുന്നണികൾ രൂപംകൊള്ളുക. എന്നാലിത്തവണ ദ്രാവിഡ കക്ഷികൾക്ക് പുറമെ ബി.ജെ.പിയുടെ നേതൃത്വത്തിലും സഖ്യം രൂപംകൊണ്ടതാണ് മറ്റൊരു പ്രത്യേകത.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ പ്രശ്നങ്ങളില്ലാതെ കടന്നുപോയത് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മികച്ച രാഷ്ര്ടീയ പാടവംമൂലമാണ്. ഇന്ത്യ മുന്നണിയിൽ ഡി.എം.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി, എം.ഡി.എം.കെ, മുസ്ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, കൊങ്കുനാട് മകൾ ദേശീയ കക്ഷി, കമൽഹാസന്റെ മക്കൾ നീതിമയ്യം എന്നീ കക്ഷികളാണ് അണിനിരക്കുന്നത്.
അണ്ണാ ഡി.എം.കെയോടൊപ്പം അന്തരിച്ച വിജയ്കാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ, എസ്.ഡി.പി.ഐ, പുതിയ തമിഴകം, പുരച്ചി ഭാരതം എന്നീ പാർട്ടികളാണുള്ളത്. എൻ.ഡി.എയിൽ ബി.ജെ.പിക്ക് പുറമെ പാട്ടാളി മക്കൾ കക്ഷി, ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, ഇന്ത്യ ജനനായക കക്ഷി, പുതിയ നീതി കക്ഷി, തമിഴ് മാനില കോൺഗ്രസ്, ഒ. പന്നീർസെൽവത്തിന്റെ അണ്ണാ ഡി.എം.കെ വിമത വിഭാഗം തുടങ്ങിയവ അണിനിരക്കുന്നു.
ഡി.എം.കെ 20 സീറ്റിലും അണ്ണാ ഡി.എം.കെ 32 സീറ്റിലും ബി.ജെ.പി 23 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തേനിയൊഴികെ മറ്റു 38 സീറ്റുകളും ഡി.എം.കെ സഖ്യം തൂത്തുവാരുകയായിരുന്നു. ഇത്തവണ ഡി.എം.കെ സഖ്യത്തിൽ 20 സിറ്റിങ് എം.പിമാർ വീണ്ടും ജനവിധി തേടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കിയതോടെ ഇരുമുന്നണികളും ആവേശത്തിലാണ്. ഡി.എം.കെ സർക്കാറിന്റെയും നരേന്ദ്ര മോദി സർക്കാറിന്റെയും നേട്ടങ്ങളും കോട്ടങ്ങളുമായിരുന്നു തുടക്കത്തിൽ ഇരുമുന്നണികളും പ്രചാരണ വിഷയമാക്കിയത്. രണ്ടാംഘട്ടത്തിൽ പ്രകടനപത്രികകൾ ഉയർത്തിക്കാട്ടിയ പ്രചാരണത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഡി.എം.കെ - കോൺഗ്രസ് മുന്നണി മുന്നിട്ടുനിന്നു.
രണ്ട് മാസത്തിനിടെ ഏഴു തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചത്. ഇതിന് പുറമെ അമിത് ഷാ, രാജ്നാഥ്സിങ്, ജെ.പി. നഡ്ഡ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും പ്രചാരണത്തിനായി ഒഴുകിയെത്തി. പൊൻരാധാകൃഷ്ണൻ, തമിഴിസൈ സൗന്ദരരാജൻ, എൽ. മുരുകൻ, കെ. അണ്ണാമലൈ, നയിനാർ നാഗേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് ബി.ജെ.പി ഇത്തവണ കളത്തിലിറക്കിയത്. അണ്ണാമലൈക്കുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പ്രവർത്തകർ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കോയമ്പത്തൂരിലെ അണ്ണാമലൈയുടെ സ്ഥാനാർഥിത്വം ബി.ജെ.പി ദേശീയ നേതൃത്വവും അഭിമാന പ്രശ്നമായാണ് കാണുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ വിവിധയിടങ്ങളിലായി റോഡ്ഷോകൾ മാത്രമാണ് സംഘടിപ്പിച്ചത്. ഓരോ കേന്ദ്രത്തിലും പരമാവധി രണ്ട് കിലോമീറ്റർ ദൂരം മാത്രം നടത്തുന്ന റോഡ്ഷോ പ്രചാരണരംഗത്ത് പ്രത്യേകിച്ച് ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, കോയമ്പത്തൂരിൽ രാഹുൽ ഗാന്ധിയും സ്റ്റാലിനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ ലക്ഷങ്ങൾ ഒഴുകിയെത്തിയത് അണ്ണാ ഡി.എം.കെ, ബി.ജെ.പി സഖ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രചാരണരംഗത്ത് ബി.ജെ.പി ദേശീയ നേതാക്കൾ അണ്ണാ ഡി.എം.കെ നേതൃത്വത്തെ നേരിട്ട് വിമർശിക്കുന്നില്ലെങ്കിലും അണ്ണാമലൈയും അണ്ണാ ഡി.എം.കെ നേതാക്കളും തമ്മിലുള്ള പോർവിളികൾ ശക്തമാണ്. ഈ തെരഞ്ഞെടുപ്പിനുശേഷം അണ്ണാ ഡി.എം.കെ കാണാതാവുമെന്ന് തുടങ്ങിയ അണ്ണാമലൈയുടെ പ്രസ്താവനകളാണ് പ്രകോപനങ്ങൾക്ക് കാരണമായത്. ദേശീയതലത്തിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും രഹസ്യധാരണയുണ്ടെന്നും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന് വ്യക്തമാക്കാൻ അണ്ണാ ഡി.എം.കെ തയാറാവുമോയെന്ന സ്റ്റാലിന്റെ ചോദ്യങ്ങളും എടപ്പാടിയെയും കൂട്ടരെയും അലോസരപ്പെടുത്തി. സമൂഹമാധ്യമങ്ങളിലും മുന്നണികൾ തമ്മിലുള്ള വീറും വാശിയും പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.