ഗാർഹിക പീഡന സംരക്ഷണ നിയമം മത വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ബാധകം -സുപ്രീംകോടതി

ന്യൂഡൽഹി: 2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ബാധകമായ സിവിൽ കോഡാണെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 2005ലെ നിയമം എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാ അവകാശങ്ങൾ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നതിനും ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്നതിനുമായി മതപരമായ ബന്ധമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ബാധകമായ സിവിൽ കോഡി​ന്‍റെ ഒരു ഭാഗമാണ് ഈ നിയമം- ബെഞ്ച് പറഞ്ഞു.

ജീവനാംശവും നഷ്ടപരിഹാരവും നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക ഹൈകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. യുവതി നേരത്തെ മജ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിൽ 12,000 രൂപ പ്രതിമാസ ജീവനാംശവും ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ 2015 ഫെബ്രുവരിയിൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഭർത്താവ് മേൽക്കോടതിയിൽ നൽകിയ അപ്പീൽ കാലതാമസത്തി​ന്‍റെ പേരിൽ തള്ളി.

പിന്നീട്, നിയമത്തി​ന്‍റെ 25ആം വകുപ്പ് പ്രകാരം ഉത്തരവുകളുടെ കാലാവധിയും മറ്റും കാണിച്ച് ഇയാൾ മറ്റൊരു അപേക്ഷ ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. തുടർന്നിയാൾ അപ്പീൽ കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തു. അത് അനുവദിക്കുകയും ഇരു കക്ഷികൾക്കും അവരുടെ തെളിവുകൾ ഹാജറാക്കാൻ അവസരം നൽകുകയും ചെയ്തു. ഉത്തരവിൽ വിഷമിച്ച യുവതി ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ യുവതിയുടെ ഹരജി തള്ളുകയും നിയമത്തിലെ സെക്ഷൻ 25 പ്രകാരം പുരുഷൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കാൻ മജിസ്‌ട്രേറ്റിനോട് നിർദേശിക്കുകയും ചെയ്തു.

എനാൽ, ഹൈകോടതിയുടെയും ഒന്നാം അപ്പീൽ കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കിയ ബെഞ്ച് ഇയാൾ നൽകിയ അപേക്ഷ തള്ളി. ഈ വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Tags:    
News Summary - Domestic Violence Act applicable to every woman irrespective of religious affiliation: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.