ബംഗളൂരു: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മലയാളി ശാസ്ത്രജ്ഞനായ ഡോ. എസ്. സോമനാഥിന് പകരക്കാരനായാണ് നിയമനം.
ചൊവ്വാഴ്ച മകരസംക്രാന്തി അവധിയായതിനാൽ തിങ്കളാഴ്ചതന്നെ തിരുവനന്തപുരം വി.എസ്.എസ്.സിയിലെത്തി ഡോ. എസ്. സോമനാഥ് ഡോ. വി. നാരായണന് ചുമതല കൈമാറിയിരുന്നു. തിരുവനന്തപുരം വലിയമലയിൽ സ്ഥിതിചെയ്യുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) ഡയറക്ടറായിരിക്കെ, ജനുവരി ഏഴിനാണ് വി. നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമീഷൻ ചെയർമാനുമായി കേന്ദ്ര സർക്കാർ നിയമിച്ചത്. ഈ ചുമതലകൾ വഹിക്കുന്നവരാണ് ഐ.എസ്.ആർ.ഒ ചെയർമാൻ പദവിയും വഹിക്കുക. മൂന്നു ചുമതലകളും വി. നാരായണൻ ഏറ്റെടുത്തതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
കന്യാകുമാരി സ്വദേശിയായ വി. നാരായണൻ 2024 മേയിൽ വിരമിച്ചിരുന്നെങ്കിലും എൽ.പി.എസ്.സി ഡയറക്ടർ സ്ഥാനം ഒരു വർഷത്തേക്ക് നീട്ടിനൽകിയിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ചുമതലയും. രണ്ടുതവണ ദൗത്യം മാറ്റിവെച്ച ഐ.എസ്.ആർ.ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണമായ സ്പേഡെക്സ് വിജയത്തിലെത്തിക്കുക എന്നതാണ് ആദ്യ വെല്ലുവിളി. പിന്നാലെ ഗഗൻയാൻ, ചന്ദ്രയാൻ-നാല്, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ തുടങ്ങിയ വൻ പദ്ധതികളും മുന്നിലുണ്ട്.
1984ൽ ഐ.എസ്.ആർ.ഒയിൽ ടെക്നിക്കൽ അസിസ്റ്റന്റായി ചേർന്ന അദ്ദേഹത്തിന് റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ എന്നീ മേഖലയിൽ നാലു പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുണ്ട്.
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി നാഷനൽ ലെവൽ ഹ്യുമൻ റേറ്റഡ് സർട്ടിഫിക്കേഷൻ (എച്ച്.ആർ.സി.ബി) ചെയർമാനായും സേവനമനുഷ്ഠിച്ചു.
ചേർത്തലക്കടുത്ത തുറവൂർ സ്വദേശിയായ എസ്.സോമനാഥ് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് എം.ടെക്. 1985ൽ, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ. അന്ന് പി.എസ്.എൽ.വി റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു അവിടെ.
ആ ചരിത്രദൗത്യത്തിൽ പങ്കാളി. പിന്നീട് ജി.എസ്.എൽ.വി മാർക്ക് 3പദ്ധതിയുടെ ഡയറക്ടർ വരെയായി. പത്ത് വർഷം മുമ്പ് വലിയമലയിലെ ലിക്വിഡ് പ്രെപൽഷൻ സെന്റർ ഡയറക്ടർ. ശേഷം വി.എസ്.എസ്.സി ഡയറക്ടർ. 2022 ജനുവരിയിൽ ഐ.എസ്.ആർ.ഒ ചെയർമാൻ. ഐ.എസ്.ആർ.ഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എൻജിനീയറിങ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സോമനാഥിന്റെ സംഭാവനകൾ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.