പാട്ന: ബിരുദ പഠനം പൂർത്തിയാക്കി രണ്ട് വർഷം കഴിഞ്ഞും ജോലിയൊന്നും കിട്ടിയില്ല, കോളജിന് മുന്നിൽ ചായക്കടയിട്ട് 24കാരി. പാട്നയിലെ പൂർണിയ സ്വദേശിയായ പ്രിയങ്കയാണ് ചായ്‍വാലി എന്ന പേരിൽ സ്വന്തമായി ചായക്കടയിട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.
രണ്ട് വർഷം മുമ്പാണ് പ്രിയങ്ക ഇക്കണോമിക്സിൽ ബിരുദം നേടിയത്. തുടർന്ന് സർക്കാർ-ഇതര ജോലി നേടുന്നതിന് മത്സര പരീക്ഷകൾക്ക് തയ്യാറെടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് സാമൂഹ്യ വെല്ലുവിളികളെ മറികടന്ന് പ്രിയങ്ക സ്വന്തമായി സംരംഭം തുടങ്ങാൻ തീരുമാനിച്ചത്.
പരിശ്രമിച്ചിട്ടും ജോലി ലഭിക്കാതായായപ്പോൾ തൊഴിൽരഹിതയായി തുടരാനോ സർക്കാരിനെതിരെ പ്രതിഷേധിക്കാനോ നിൽക്കാതെ സമൂഹത്തിന്‍റെ താഴെ തട്ടിൽ നിന്ന് സംരംഭമാരംഭിച്ചതിന് പ്രിയങ്കക്ക് തന്‍റേതായ മറുപടിയുണ്ട്.
"ഞാൻ പ്രതിഷേധിച്ചാൽ എന്ത് സംഭവിക്കുമായിരുന്നു? എന്റെ സമയവും ഊർജവും മാത്രമേ പാഴാകൂ. എനിക്ക് ഒന്നും കിട്ടില്ല. അവിടെ എന്റെ ഊർജ്ജം പാഴാക്കാതെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നുള്ളത് കൊണ്ടാണ് ഞാൻ ഈ വഴി തിരഞ്ഞെടുത്തത്" -പ്രിയങ്ക പറഞ്ഞു
''അതിനെക്കുറിച്ച് ആലോചിച്ചിരിക്കാതെ ആരംഭിക്കൂ'' എന്നാണ് പ്രിയങ്കയുടെ കടയിലെ ബോർഡിൽ എഴുതിവെച്ചിട്ടുള്ളത്. പാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ വ്യത്യസ്ത രുചിയിലുള്ള ചായകൾ ലഭിക്കുന്നതിനാൽ പ്രിയങ്കയുടെ ചായക്കടയിൽ ആവശ്യത്തിന് തിരക്കുമുണ്ട്.
കട തുടങ്ങിയതിന് ശേഷമാണ് തന്‍റെ മാതാപിതാക്കളെ അറിയിച്ചതെന്നും തനിക്ക് ലഭിക്കുന്ന പ്രതികരണം കണ്ടപ്പോൾ അവരും സ്വീകരിക്കുകയായിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.