ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് രാജ്ദീപ് സർദേശായി ഉൾപ്പെടെ ആറു മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിൽ അപലപിച്ച് എഡിറ്റേർസ് ഗിൽഡ് ഓഫ് ഇന്ത്യ. ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസാണ് കേസെടുത്തത്.
രാജ്ദീപ് സർദേശായി, വിനോദ് ജോസ്, സഫർ ആഖ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നീ മാധ്യമപ്രവർത്തകർക്കെതിരെയും ശശി തരൂർ എം.പിക്കെതിരെയുമാണ് കേസ്. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, സമാധന ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി, മധ്യപ്രദേശ് പൊലീസ് കേസെടുത്തതിനെ അപലപിക്കുന്നു. മനപൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണ്. മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ചുള്ള ഈ നീക്കം രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്നും മാധ്യമങ്ങൾക്ക് തടയിടാനുള്ള നീക്കമാണെന്നും പ്രസിഡന്‍റ് സീമ മുസ്തഫ, സെക്രട്ടറി സജ്ഞയ് കപൂർ, ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാധ്യമപ്രവർത്തകർക്കെതിരായ എഫ്.ഐ.ആർ ഉടൻ പിൻവലിക്കണം. മാധ്യമങ്ങളെ ഭയമില്ലാതെ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നും എഡിറ്റേർസ് ഗിൽഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.