കൊഹിമ: ചരക്ക് വാഹനമിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നാഗാലാൻഡിലെ സെമിനിയു ജില്ലയിലാണ് സംഭവം. കൊഹിമയിൽ നിന്ന് 65 കിലോമീറ്റർ അകലെ കെ സ്റ്റേഷൻ ഗ്രാമത്തിന് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ട്രക്കും കാറും റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു.മണൽ കയറ്റിയ ട്രക്ക് മേരപാനിയിൽ നിന്ന് കൊഹിമയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട ട്രക്ക് കാറിലിടിക്കുകയായിരുന്നു. ഏഴു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ എസ്.യു.വി ഹൈവേയിൽ നിന്ന് കുറച്ച് ദൂരം തെന്നി നീങ്ങി. പിന്നീട് തോട്ടിലേക്ക് വീഴുകയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. കാർ പൂർണമായും തകർന്നു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ ഡ്രൈവറടക്കം ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. അടുത്തിടെ നാഗാലാൻഡ് സ്റ്റാഫ് സെലക്ഷൻ ബോർഡ് പരീക്ഷ പാസായ മൂന്ന് സ്ത്രീകളും ഗ്രേഡ്-3 ജീവനക്കാരായി സർക്കാർ സർവീസിൽ ചേരാനുള്ള നിയമന കത്തുകളും ലഭിച്ചവരും ഈ കൂട്ടത്തിലുണ്ട്. ട്രക്ക് ഡ്രൈവറും സഹായികളും ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷണൽ എസ്.പി പറഞ്ഞു.
മുഖ്യമന്ത്രി നെയ്ഫിയു റിയോ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.