മുംബൈ: ബി.ജെ.പി.യും ശിവസേനയും തമ്മിലുള്ള അധികാരം പങ്കിടൽ ചർച്ചകൾ അവസാനം വഴിത്തിരിവിൽ. പുതിയ മഹായുതി സർക്കാറിൽ ഉപമുഖ്യമന്ത്രിയാകാൻ സമ്മതമറിയിച്ച് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വൈകീട്ട് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഷിന്‍ഡെയുടെ കടുത്ത നിലപാടില്‍ അയവ് വന്നതായാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിസ്ഥാനം ഫഡ്നാവിസ് ഉറപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം ഇപ്പോഴും പ്രഖ്യാപനം നടത്തിയിട്ടില്ല. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പേര് അന്തിമമായി പ്രഖ്യാപിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കായി ഡൽഹിയിലെത്തി ആറ് ദിവസത്തിന് ശേഷമാണ് ഫഡ്‌നാവിസും ഷിൻഡെയും തമ്മിലുള്ള ആശയവിനിമയം നടന്നത്. ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകരായ ധനമന്ത്രി നിർമല സീതാരാമനും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ബുധനാഴ്ച പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം ഷിൻഡെയെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അന്തിമ അധികാരം പങ്കിടൽ സംബന്ധിച്ച് അവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും.
മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യു. മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു.
ഫഡ്നാവിസ് പുതിയ സർക്കാറിനെ നയിക്കുന്നതിൽ ഷിൻഡെ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ കാര്യം ഉറപ്പായി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഷിൻഡെ യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം അറിയിച്ചത്.
നവംബർ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം എൻ.സി.പി 41 സീറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.