മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ ഉജ്വല വിജയത്തിനു പിന്നാലെ ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് എക്നാഥ് ഷിൻഡെ. ശിവസേന എം.എൽ.എമാരുടെ എണ്ണം ഈ തെരഞ്ഞെടുപ്പിൽ വർധിച്ചിരിക്കുകയാണെന്നും വീട്ടിലിരുന്ന് കൊണ്ട് സർക്കാരുണ്ടാക്കാമെന്ന ഉദ്ധവ് താക്കറെയുടെ വ്യാമോഹമാണ് തകർന്നതെന്നും ഷിൻഡെ പറഞ്ഞു.
'വിമർശനത്തിന് അതേ രീതിയിൽ മറുപടി നൽകുന്നത് ഞങ്ങളുടെ ശൈലിയല്ല. പ്രവർത്തനത്തിലൂടെയാണ് വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി നൽകാറുള്ളത്. ജനങ്ങളെ അങ്ങനെയാണ് ഞങ്ങൾ പ്രീതിപ്പെടുത്തുന്നതും. ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് സർക്കാറിനെ നടത്തിക്കൊണ്ടുപോകാനാവില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കണം.'-എന്നാണ് ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനുമൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ ഷിൻഡെ പറഞ്ഞത്.
ബാലാസാഹിബ് താക്കറെയുടെ ആദർശങ്ങൾ മുറുകെ പിടിച്ച് ഞങ്ങൾ സർക്കാറുണ്ടാക്കും. 2019ലും സമാന രീതിയിൽ സർക്കാരുണ്ടാക്കുമായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ജനങ്ങൾ അത് മറന്നിട്ടില്ലെന്നും ഷിൻഡെ ഓർമപ്പെടുത്തി. 1,20,717 വോട്ടുകൾക്കാണ് താനെയിലെ കൊപ്രി-പച്പഖാഡി മണ്ഡലം ഷിൻഡെ നിലനിർത്തിയത്. ശിവസേന(യു.ബി.ടി)കേദാർ ദിഗെ ആണ് ഇവിടെ പരാജയപ്പെട്ടത്. മഹാരാഷ്ട്രയിൽ 236 സീറ്റുകളിലാണ് മഹായുതി സഖ്യം മുന്നിട്ടു നിൽക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 48 എണ്ണത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.