ന്യൂഡൽഹി: പെരുമാറ്റച്ചട്ട ലംഘനത്തിന് മുതിർന്ന പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി.വി ആനന്ദബോസിന് തെരഞ്ഞെടുപ്പ് കമീഷന്റെ താക്കീത്. പരസ്യപ്രചാരണം അവസാനിച്ച് വെള്ളിയാഴ്ച വോട്ടെടുപ്പു നടക്കേണ്ട സംഘർഷ ബാധിത മണ്ഡലത്തിലേക്ക് ഗവർണർ നടത്താൻ നിശ്ചയിച്ച യാത്ര പെരുമാറ്റച്ചട്ട ലംഘനമായതിനാൽ ഉപേക്ഷിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഭരണഘടന പദവി വഹിക്കുന്ന ഗവർണറെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കുന്നത് ഇതാദ്യം.
വടക്കൻ ബംഗാളിലെ കൂച്ച് ബിഹാർ മണ്ഡലത്തിൽ 18,19 തീയതികളിൽ സന്ദർശനം നടത്താനിരുന്ന ഗവർണറെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ‘ചെവിക്കു പിടിച്ച’ത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ പ്രചാരണം അവസാനിച്ച ശേഷമുള്ള നിശ്ശബ്ദ പ്രചാരണവേളയിൽ ഗവർണർ സന്ദർശനം നടത്തുന്നത് അനുചിതമാണെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടിയത്. മണ്ഡലത്തിലെ വോട്ടറല്ലാത്ത അതിപ്രധാന വ്യക്തികൾ, നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ സന്ദർശനം നടത്തരുതെന്നാണ് ചട്ടം.
ഗവർണറുടെ സന്ദർശനവേളയിൽ നിശ്ചയിച്ച പരിപാടികൾ പെരുമാറ്റച്ചട്ടത്തിന് നിരക്കുന്നതല്ല. ഗവർണർക്ക് സുരക്ഷ ഒരുക്കേണ്ടതിനാൽ പൊലീസ്, ഉദ്യോഗസ്ഥ വോട്ടെടുപ്പു ക്രമീകരണങ്ങളെയും ദോഷകരമായി ബാധിക്കും. ഇത്തരത്തിൽ ഉടനടി സന്ദർശനം നടത്തേണ്ട ആവശ്യമില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കളത്തിൽ ഗവർണർ തുടർച്ചയായി ഇറങ്ങിക്കളിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കമീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രാജ്ഭവൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി കമീഷന്റെ പ്രവർത്തന മേഖലയിലേക്ക് ഗവർണർ കടന്നുകയറ്റം നടത്തുന്നതും ബംഗാളിൽ വലിയ ചർച്ചയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രാഷ്ട്രീയപാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ കൂച്ച് ബിഹാറിൽ ഗവർണർ സന്ദർശനം നടത്തി പരാതി കേൾക്കുകയും പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി നിതീഷ് പ്രമാണികിന്റെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാജ്ഭവനിൽ പീസ് റൂം, സഞ്ചരിക്കുന്ന രാജ്ഭവൻ, ഗവർണറുമായി ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാൻ ‘ലോഗ് സഭ’ പോർട്ടൽ തുടങ്ങിയ പദ്ധതികൾ ഗവർണർ പ്രഖ്യാപിച്ചിരുന്നു. ഗ്രൗണ്ട് സീറോ സന്ദർശനമെന്ന പേരിൽ രാവിലെ ആറുമുതൽ താൻ നിരത്തിൽ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തന മേഖലകളിലേക്കുള്ള കൈകടത്തൽ കൂടിയായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു.
തെരഞ്ഞെടുപ്പുകാലത്ത് യാത്രാ പരിപാടികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന രീതിയാണ് രാഷ്ട്രപതിയും ഗവർണർമാരും സ്വീകരിച്ചുവരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് രണ്ടു മാസത്തേക്ക് പൊതുപരിപാടികളും യാത്രകളും ഒഴിവാക്കി രാഷ്ട്രപതി ഭവനിൽതന്നെ കഴിയുമെന്ന പരസ്യമായ നിലപാട് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്വീകരിച്ചിരുന്നതും ശ്രദ്ധേയം. ഇതിനിടയിലാണ് ആനന്ദ ബോസിന്റെ പലവിധ നടപടികൾ ഉണ്ടായത്. കഴിഞ്ഞദിവസമാണ് അദ്ദേഹം കുടുംബസമേതം കൊൽക്കത്തയിൽനിന്ന് അയോധ്യയിലെത്തി രാമക്ഷേത്രം സന്ദർശിച്ച് വാർത്തകളിൽ നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.