ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാൻ തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ സുനിൽ അറോറ. തെരഞ്ഞെടുപ്പ് കമീഷൻ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താൻ തയാറാണ്. നിയമസംവിധാനത്തിൽ എല്ലാ ഭേദഗതികളും വരുത്തിയശേഷം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാമെന്ന് അദ്ദേഹം ന്യൂസ് 18 ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
നവംബറിൽ മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാജ്യത്ത് ഇടക്കിടക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.
ആദ്യമായല്ല മോദിയും മോദിയുടെ മുൻഗാമികളും 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം മുന്നോട്ടുവെക്കുന്നത്. 2016ൽ മോദി മുന്നോട്ടുവെച്ച രാഷ്ട്രീയ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ ആശയം. അദ്വാനി അടക്കമുള്ളവർ ലോക്സഭ -നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഏകീകരണത്തെക്കുറിച്ച് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ വിശാലമായ ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നാണ് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം. മോദി ആശയം വ്യക്തമാക്കിയതോടെ എതിർപ്പുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ രംഗത്തുവന്നിരുന്നു. 'പ്രായോഗികമല്ലാത്ത ആശയം' എന്നായിരുന്നു കോൺഗ്രസ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.