ന്യൂഡൽഹി: ചാനലിന് അഭിമുഖം നൽകിയതിന്റെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയച്ച നോട്ടീസ് പിൻവലിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ഗുജറാത്തി ടി.വിക്ക് അഭിമുഖം നൽകിയതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന് കാരണംകാണിക്കൽ നോട്ടിസ് അയച്ചത്. ബിജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്.
നവമാധ്യമങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കാലത്ത് പെരുമാറ്റച്ചട്ടം പുനർനിർവചിക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു കമീഷൻ നോട്ടീസ് പിൻവലിക്കുന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പെരുമാറ്റച്ചട്ടത്തിൽ ആവശ്യമായ മാറ്റങ്ങൾ ഉടൻവരുത്തും. ഇതിനായി കമ്മിറ്റിയെ നിയോഗിച്ചതായും ഈ കമ്മിഷൻ ആവശ്യമായ മാറ്റങ്ങളെ സംബന്ധിച്ച് റിപ്പോർട്ടു നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വളരെയധികം വർധിച്ചതിനാൽ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിനു ചില പോരായ്മകളുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാൻ തക്ക മാറ്റങ്ങൾ ചട്ടങ്ങളിൽ കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനായി രാഷ്ട്രീയപാർട്ടികൾ, മാധ്യമങ്ങൾ, നാഷനൽ ബ്രോഡ്‌കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) തുടങ്ങിയവരിൽനിന്നു നിർദേശങ്ങൾ ആരായും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.