റാഞ്ചി/ന്യൂഡൽഹി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ സി.ആർ.പി.എഫിലെ കോബ്രാ കമാൻഡോകളും പൊലീസുമടങ്ങിയ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലുകൾ കൊല്ലപ്പെട്ടു. ഇവരിൽ, തലക്ക് ഒരു കോടി രൂപ സർക്കാർ വിലയിട്ട നക്സൽ കേന്ദ്ര കമ്മിറ്റി അംഗം മഞ്ചി എന്ന വിവേക്, 25 ലക്ഷവും 10 ലക്ഷവും വിലയിട്ടിരുന്ന അരവിന്ദ് യാദവ്, സഹേബ്രാം മജ്ഹി എന്നിവരും ഉൾപ്പെടുന്നു. ലാൽപാനിയ പ്രദേശത്തെ ലുഗു കുന്നുകളിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവർ നിരവധി കേസുകളിലെ പ്രതികളാണ്. സംഭവസ്ഥലത്തുനിന്നും ആയുധങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ വടക്കൻ ചോട്ടനാഗ്പൂർ മേഖലയിലെ നക്സൽ സംഘങ്ങളെ തുടച്ചുനീക്കിയതായി ഡി.ജി.പി അനുരാഗ് ഗുപ്ത പറഞ്ഞു. സംസ്ഥാനത്ത് അവശേഷിക്കുന്ന നക്സലുകളോട് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. അയൽ സംസ്ഥാനമായ ഛത്തിസ്ഗഢിൽ ഈ വർഷം ഏറ്റുമുട്ടലുകളിൽ 140ലധികം മാവോവാദികളാണ് കൊല്ലപ്പെട്ടത്.
നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം തുടരുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാർഖണ്ഡിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ എട്ട് നക്സലുകളെ കൊലപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നക്സലിസത്തെ വേരോടെ പിഴുതെറിയാനുള്ള തുടർച്ചയായ നീക്കത്തിനിടെയാണ് ഉന്നത നക്സൽ നേതാവ് വിവേകും മറ്റ് രണ്ട് കുപ്രസിദ്ധ നക്സലൈറ്റുകളും ഉൾപ്പെടെ എട്ട് മാവോവാദികളെ വധിച്ചത്. സുരക്ഷാ സേനയെ അഭിനന്ദിക്കുന്നതായി ഷാ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.