ലഖ്നോ: ആതിഖ് അഹമ്മദിന്റെ മകനെ യു.പി പൊലീസ് വധിച്ചതിൽ പ്രതികരണവുമായി സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ലംഘിക്കുകയാണ് ഏറ്റുമുട്ടൽ കൊലകൾ ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കുറ്റവാളി ആരാണെങ്കിലും നിയമപരമായി അയാൾക്ക് ശിക്ഷവാങ്ങി കൊടുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. അതിന് പകരം ഏറ്റുമുട്ടലിൽ പ്രതികളെ വധിക്കുകയല്ല ചെയ്യേണ്ടതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
സി.പി.എം ഏറ്റുമുട്ടൽ കൊലകൾക്ക് എതിരാണ്. നിയമവ്യവസ്ഥക്ക് പുറത്ത് ക്രിമിനലുകൾക്ക് ശിക്ഷ നൽകാൻ ആർക്കാണ് അധികാരം. എന്തുകൊണ്ടാണ് യു.പി ഭരണകൂടം കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും സാധിക്കാതെ യു.പിയിലെ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് എങ്ങനെ പറയാനാകുമെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.
ഈ സംഭവം മാത്രം മുൻനിർത്തിയല്ല താൻ ഇത് പറയുന്നതെന്നും ബൃന്ദകാരാട്ട് പറഞ്ഞു. ഏറ്റുമുട്ടൽ കൊലകൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയെയാണ് ലംഘിക്കുന്നത്. ഏറ്റുമുട്ടൽ കൊലകൾ അവസാനിപ്പിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരികയാണ് വേണ്ടതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഉമേഷ് പാൽ വധക്കേസ് പ്രതികളായ അസദ് അഹ്മദിനെയും ഗുലാമിനെയും ഏറ്റുമുട്ടലിൽ ഉത്തർപ്രദേശ് പൊലീസ് വധിച്ചിരുന്നു. ഇതേ കേസിൽ റിമാൻഡിലുള്ള മുൻ ലോക്സഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ ആതിഖ് അഹ്മദിന്റെ മകനാണ് അസദ്.
അസദും ഗുലാമും വ്യാഴാഴ്ച ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് സ്പെഷൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാറാണ് അറിയിച്ചത്.
പ്രതികളാണ് ആദ്യം നിറയൊഴിച്ചതെന്നും പൊലീസിന്റെ തിരിച്ചടിയിൽ ഇരുവരും കൊല്ലപ്പെടുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവരുമെന്നും പ്രശാന്ത്കുമാർ കൂട്ടിച്ചേർത്തു. അതേസമയം, അസദിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കളും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവരും ആരോപിച്ചു. വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ അന്വേഷണം വേണമെന്നും എസ്.പിയും ബി.എസ്.പിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.