ശരദ് പവാർ

മഹാരാഷ്ട്രയിൽ ശരദ് പവാറിന്‍റെ വൻ വീഴ്ച; രാഷ്ട്രീയ അതികായന് മുന്നിൽ വഴിയടയുന്നു?

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ സ്ഥാപക നേതാവും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനുമായ ശരദ് പവാറിന് വൻ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്രയിൽ പരിസമാപ്തി കുറിക്കുന്നത്. പൊതുപ്രവർത്തനം വൈകാതെ അവസാനിപ്പിക്കുമെന്നും വിശ്രമജീവിതത്തിലേക്ക് കടക്കുമെന്നും ഈ മാസമാദ്യം പവാർ പറഞ്ഞിരുന്നു. താൻ നിലവിൽ അധികാരത്തിലില്ലെന്നും ഒന്നര വർഷത്തിനപ്പുറം രാജ്യസഭയിലെ കാലാവധി അവസാനിച്ചാൽ പിന്നീടൊരു തെരഞ്ഞെടുപ്പിനില്ലെന്നുമാണ് ബാരാമതിയിൽ നടന്ന പരിപാടിയിൽ പവാർ പറഞ്ഞത്.

ശനിയാഴ്ച തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിൽ 13 ഇടത്തുമാത്രമാണ് മുമ്പ് നാലു തവണ മുഖ്യമന്ത്രിയായ ശരദ് പവാറിന്‍റെ പാർട്ടിക്ക് നേടാനായത്. രാഷ്ട്രീയ ജീവിതത്തിൽ പവാർ നേരിട്ട ഏറ്റവും വലിയ പരാജയമാണ് വിരമിക്കലിനു മുമ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ നിയമസഭയിലെ പരാജയത്തോടെയാണ് ശരദ് പവാർ യുഗത്തിന് അന്ത്യമാകുന്നത്.

കഴിഞ്ഞ വർഷം പാർട്ടി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാറും സംഘവും തെരഞ്ഞെടുപ്പിൽ 39 സീറ്റുകളാണ് നേടിയത് - ശരദ് പവാർ വിഭാഗം നേടിയതിന്‍റെ മൂന്നിരട്ടി സീറ്റുകൾ. ‘യഥാർഥ’ എൻ.സി.പിയും അജിത് പവാറും തമ്മിലുള്ള പോരാട്ടമാണെന്ന ശരദ് പവാർ വിഭാഗത്തിന്‍റെ വാക്കുകൾ ജനം ഏറ്റെടുത്തില്ലെന്ന് വേണം മനസ്സിലാക്കാൻ. പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ കോടതിയിലായിരുന്നു ഈ പരാമർശം. കോടതി വിധി അജിത് വിഭാഗത്തിനൊപ്പമായിരുന്നു എന്നത് മറ്റൊരു വൈരുദ്ധ്യം.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളാണ് എൻ.സി.പി നേടിയിരുന്നത്. സഖ്യത്തിലല്ലാതിരുന്ന കോൺഗ്രസ് അന്ന് 44 സീറ്റുകളും സ്വന്തമാക്കി. ഇത്തവണ മഹാരാഷ്ട്രയിലെ പ്രധാന പാർട്ടികളിൽ ഏറ്റവും മോശം പ്രകടനമായി ശരദ് പവാർ പക്ഷത്തിന്‍റേത്. കോൺഗ്രസിനും ഉദ്ധവ് താക്കറെയുടെ ശിവസേനക്കും പിന്നിലായി ‘യഥാർഥ’ എൻ.സി.പി. ആഭ്യന്തര കലഹം കാരണം തകർന്ന മറ്റൊരു പാർട്ടിയാണ് ശിവസേനയെന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം.

ആറ് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള നേതാക്കളിൽ പ്രമുഖനാണ് ശരദ് പവാർ. നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാർ കേന്ദ്രത്തിൽ പ്രതിരോധം, കൃഷി എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച കേന്ദ്രമന്ത്രിയുമായിരുന്നു. 1991ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം തലനാരിഴക്കാണ് നഷ്ടമായത്. 1999ൽ സോണിയ ഗാന്ധിയെ അധ്യക്ഷയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് എൻ.സി.പിക്ക് രൂപം നൽകി.

2019ൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് പവാറാണ്. മഹാവികാസ് അഘാഡി സർക്കാർ തകർന്നപ്പോഴും എൻ.സി.പിയുടെ പിളരൽ വൈകിപ്പിച്ചത് പവാറാണ്. എന്നാൽ അദ്ദേഹത്തിന്‍റെ എതിർപ്പിനെ മറികടന്ന്, പ്രമുഖ നേതാക്കളോടൊപ്പം അജിത് പവാർ മറുകണ്ടം ചാടി. ഇത്തവണ തെരഞ്ഞെടുപ്പിൽ ജനം പൂർണമായി കൈയൊഴിയുന്നതോടെ ‘യഥാർഥ’ എൻ.സി.പി അജിത്തിനൊപ്പമാണോ എന്നും വ്യാഖ്യാനങ്ങൾ വരും. വിരമിക്കൽ പ്രഖ്യാപിച്ച ശരദ് പവാറിന് മുന്നിൽ ഇനി മറ്റെന്തെങ്കിലും വഴി തെളിയാനുള്ള സാധ്യതയും വിരളമാണ്.

Tags:    
News Summary - End Of The Road For Sharad Pawar? NCP Faces Historic Low In Maharashtra Assembly Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.