ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇന്ന് അറസ്റ്റ് ചെയ്ത രണ്ട് പേരിൽ ഒരാൾ എൻജിനീയറിങ് ബിരുദധാരി. ആദിത്യ എന്ന് വിളിക്കുന്ന പങ്കജ് കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. 2017ൽ രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ജംഷഡ്പൂർ എൻ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിങ് പാസ്സായ ആളാണ് പങ്കജ് കുമാർ. ഇയാളാണ് ഝാർഖണ്ഡിലെ ഹസാരിബാരിലെ കേന്ദ്രത്തിൽ നിന്ന് നീറ്റ് ചോദ്യക്കടലാസ് മോഷ്ടിച്ചത് എന്നാണ് സി.ബി.ഐ കണ്ടെത്തൽ. ബൊക്കാറോ സ്വദേശിയായ പങ്കജ് കുമാറിനെ പാട്നയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പങ്കജ് കുമാറിനെ ചോദ്യപ്പേപ്പർ മോഷ്ടിക്കാൻ സഹായിച്ചയാളാണ് ഇന്ന് അറസ്റ്റിലായ രണ്ടാമത്തെ പ്രതി രാജു സിങ്. ഇത് 'സോൾവർ ഗാങ്ങി'ന് കൈമാറാൻ പങ്കജ് കുമാറിനെ സഹായിച്ചതും ഇയാളാണ്. ഹസാരിബാഗിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് പേർ കൂടി അറസ്റ്റിലായതോടെ നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആകെ ആറ് കേസുകളാണ് സി.ബി.ഐ നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
ഝാർഖണ്ഡിലെ ഹസാരിബാഗാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി സി.ബി.ഐ കണക്കാക്കുന്നത്. ഇവിടെ നിന്ന് ബിഹാറിലേക്കും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഒമ്പത് സെറ്റ് ചോദ്യപ്പേപ്പർ ഹസാരിബാഗിലെ എസ്.ബി.ഐ ബ്രാഞ്ചിൽ സൂക്ഷിക്കാനായി പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് എത്തിച്ചിരുന്നു. ഇവിടെ നിന്ന് രണ്ട് സെറ്റ് ചോദ്യപ്പേപ്പർ ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായ ഒയാസിസ് സ്കൂളിലെത്തിച്ചു. ഈ ചോദ്യപ്പേപ്പറുകളിലെ സീലുകൾ സ്കൂളിലെത്തുന്നതിന് മുന്നേ പൊട്ടിച്ചിരുന്നു. ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
അതേസമയം, നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതി ജൂലൈ 18ന് വീണ്ടും വാദം കേൾക്കും. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികളോട് മറുപടി സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വസ്തുത നിഷേധിക്കാനാവില്ലെന്നും പരീക്ഷയിൽ വീഴ്ചയുണ്ടായെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ചോർച്ച വിപുലമായ തോതിലാണെങ്കിൽ പുനഃപരീക്ഷ വേണ്ടിവരുമെന്നും പരിമിതമാണെങ്കിൽ നടത്തേണ്ടതില്ലെന്നുമാണ് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചത്.
എന്നാൽ, നീറ്റ് - യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നുമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആവർത്തിച്ചത്. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.