ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് മാറ്റമില്ലാതെ തുടരും. കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗമാണ് പലിശനിരക്ക് 8.25 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചത്. ഇ.പി.എഫ് അംഗം സര്‍വീസിലിരിക്കെ മരിച്ചാൽ അനന്തരാവകാശിക്ക് ഏഴ് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതിൽ ഇളവ് വരുത്താനും യോഗത്തിൽ തിരുമാനിച്ചു.
ഉയർന്ന പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 72 ശതമാനം അപേക്ഷകളും തീർപ്പാക്കിയതായും യോഗത്തിൽ വ്യക്തമാക്കി. പലിശനിരക്ക് സംബന്ധിച്ച കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗതീരുമാനം ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് അയക്കും. സർക്കാർ അംഗീകാരം നൽകുന്ന മുറക്ക് അംഗങ്ങളുടെ അക്കൗണ്ടിൽ പലിശ വരവുവെക്കും.
നിലവിൽ ഏഴ് കോടിയിലധികം വരിക്കാരാണ് ഇ.പി.എഫ്.ഒയിലുള്ളത്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്നതും സുസ്ഥിരവുമായ പലിശനിരക്കാണ് ഇ.പി.എഫ്.ഒ നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇ.പി.എഫ്.ഒ നിക്ഷേപത്തിൽനിന്നുള്ള പലിശ വരുമാനത്തിന് നിശ്ചിത പരിധിവരെ നികുതി ഇളവുണ്ട്. അതിനാൽ, ശമ്പള വരുമാനക്കാരുടെ മുഖ്യ നിക്ഷേപമാർഗമാണ് ഇത്.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) പദ്ധതിപ്രകാരം, സർവിസിൽ പ്രവേശിച്ച് ഒരു വർഷത്തിനകം മരണമടയുന്നവരുടെ ആശ്രിതർക്ക് 50,000 രൂപയുടെ ചുരുങ്ങിയ ഇൻഷുറൻസ് ആനുകൂല്യം നൽകാനാണ് തീരുമാനമായത്. ഓരോ വർഷവും ഇത്തരത്തിലുള്ള 5,000ഓളം മരണങ്ങളിൽ ഈ ആനുകൂല്യം ലഭിക്കും.
ഉയർന്ന പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അംഗങ്ങൾക്കും പെൻഷൻകാർക്കും തൊഴിലുടമകൾക്കുമായി നിരവധി നടപടികൾ സ്വീകരിച്ചതായി യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.