ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽനിന്ന് പെൻഷൻ വിഹിതം പിൻവലിക്കാൻ കൂടുതൽ നിയന്ത്രണം വരുന്നു. തൊഴിൽ വിട്ടശേഷം രണ്ടു മാസം കഴിഞ്ഞ് പിൻവലിക്കാൻ ഇപ്പോൾ കഴിയും. എന്നാൽ, രണ്ടു വർഷം കഴിയാതെ വിഹിതം പിൻവലിക്കാൻ അനുവദിക്കില്ലെന്നാണ് പുതിയ നിയന്ത്രണം.
പുതിയ തൊഴിൽചട്ടങ്ങൾക്കൊപ്പം പുതിയ വ്യവസ്ഥ വിജ്ഞാപനം ചെയ്യുമെന്നാണ് സൂചന. ഇ.പി.എഫിൽ അംഗങ്ങളായ തൊഴിലാളികളുടെ പെൻഷൻ തുക ഉയർത്താനെന്ന പേരിലാണ് പുതിയ തീരുമാനം.
പെൻഷൻ പദ്ധതികളിൽനിന്ന് അടിക്കടി പണം പിൻവലിക്കുന്നത് ഇതിന് പ്രയാസമുണ്ടാക്കുന്നുവെന്നാണ് വിശദീകരണം. വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന ഇ.പി.എഫ് ഓർഗനൈസേഷെൻറ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം ഇക്കാര്യം ചർച്ചചെയ്യും.
ഔപചാരിക മേഖലയിലെ ജീവനക്കാർ അടിസ്ഥാന വേതനം, ഡി.എ എന്നിവയുടെ 12 ശതമാനമാണ് ഇ.പി.എഫ് വിഹിതമായി നൽകുന്നത്.
തൊഴിലുടമ വിഹിതം പുറമെ. തൊഴിലുടമ വിഹിതത്തിെൻറ 8.33 ശതമാനം പെൻഷൻ പദ്ധതിയിലേക്ക് നൽകുന്നു. അതനുസരിച്ച് നിശ്ചിത പെൻഷൻ ജീവനക്കാർക്ക് ലഭിക്കുന്നു. വേതനത്തിൽനിന്ന് നൽകിയ വിഹിതം നോക്കാതെ, നിശ്ചിത പെൻഷനാണ് നൽകുന്നത്.
ഇ.പി.എഫിലെ പുതിയ അംഗങ്ങളിൽനിന്ന് പെൻഷൻ വിഹിതം ഈടാക്കുന്നതിന് പുതിയ ഫോർമുല തയാറാക്കും. തുടക്കത്തിൽ കുറഞ്ഞതോ ഉയർന്നതോ ആയ പെൻഷൻ വിഹിതം നിശ്ചയിക്കാം. അതനുസരിച്ച് ഒടുവിൽ കിട്ടുന്ന തുകയിൽ മാറ്റം വരും. ഓരോ മൂന്നു വർഷം കൂടുേമ്പാഴും ഈ വിഹിതത്തിൽ മാറ്റം വരുത്താം.
മൂന്നു വിഭാഗമായി പെൻഷൻ പദ്ധതിയെ തിരിക്കും. നിലവിലെ അംഗങ്ങൾ, സാമൂഹിക സുരക്ഷചട്ടം പ്രാബല്യത്തിൽ വന്നശേഷം ജോലിയിൽ പ്രവേശിച്ച് പ്രതിമാസം 15,000 രൂപ വരെ വേതനം കിട്ടുന്നവർ, 15,000 രൂപ വരെ പ്രതിമാസ വേതനം കിട്ടുന്നവർ എന്നിങ്ങനെയാണ് മൂന്നു വിഭാഗങ്ങൾ. നിലവിലെ അംഗങ്ങളുടെ കാര്യത്തിൽ പെൻഷൻ വിഹിതം പിൻവലിക്കുന്നതിൽ മാത്രമാണ് മാറ്റം.
നടപ്പു സാമ്പത്തികവർഷത്തേക്കുള്ള ഇ.പി.എഫ് പലിശനിരക്കിെൻറ കാര്യത്തിലും ട്രസ്റ്റി ബോർഡ് യോഗം തീരുമാനമെടുക്കും. കഴിഞ്ഞ വർഷം 8.65ൽനിന്ന് 8.50 ശതമാനമായി കുറച്ചിരുന്നു. കോവിഡ്കാല പ്രതിസന്ധി, കുറഞ്ഞ ബാങ്ക് പലിശനിരക്കുകൾ എന്നിവ ചൂണ്ടിക്കാട്ടി പലിശനിരക്ക് താഴ്ത്തിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.