ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരം ഇ.പി.എസ് ഹയർ ഓപ്ഷന് അപേക്ഷിക്കാനുള്ള തീയതി എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) വീണ്ടും നീട്ടി. ജൂലൈ 11 ആണ് പുതിയ തീയതി.
ഹയർ ഓപ്ഷൻ സ്വീകരിക്കുന്നതിന് നൽകേണ്ട തുക എത്രയെന്ന കാര്യത്തിൽ പരക്കെ അവ്യക്തത തുടരുന്നതിടയിലാണ് അപേക്ഷാ തീയതി വീണ്ടും നീട്ടിയത്. അപേക്ഷ സാധുവാകുന്നതിൽ നിരവധി സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നു. ഹയർ ഓപ്ഷന് നിക്ഷേപിക്കേണ്ട തുക കണക്കാക്കാനുള്ള ഓൺലൈൻ സജ്ജീകരണം കഴിഞ്ഞ ദിവസം മാത്രമാണ് ഇ.പി.എഫ്.ഒ വെബ്സൈറ്റിൽ ലഭ്യമാക്കിയത്.
അപേക്ഷിക്കാനുള്ള കാലാവധി തിങ്കളാഴ്ച തീരാനിരിക്കേയാണ് വീണ്ടും സാവകാശം അനുവദിച്ചത്. നേരത്തെ മെയ് മൂന്നിന് തീർന്ന കാലാവധിയാണ് പിന്നീട് ജൂൺ 26ലേക്ക് നീട്ടിയത്. സുപ്രീംകോടതി വിധിച്ചതിനപ്പുറം, ഈ പദ്ധതി നടപ്പാക്കാൻ സർക്കാറിനുള്ള വിമുഖത കൂടിയാണ് കാലാവധി നീട്ടിയതിലൂടെ ഒരിക്കൽക്കൂടി വെളിപ്പെട്ടത്.
നിക്ഷേപിക്കേണ്ട തുകയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടയിലും ഹയർ ഓപ്ഷന് 15 ലക്ഷത്തിൽപരം പേർ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പെൻഷൻ തുക കിട്ടാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ഇ.പി.എഫ് വരിക്കാർ സ്വീകരിച്ച മുൻകരുതൽ കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.