ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കുന്നതിന് ഇ.പി.എഫ്.ഒ പുറപ്പെടുവിച്ച സര്‍ക്കുലറിലെ അപാകതകള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദ്രര്‍ യാദവ്. ഓപ്ഷന് നല്‍കുന്നതിന് നിലവിലുള്ള അവ്യക്തതകളും അപാകതകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇതുസംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഫോറം 26(6) അനുസരിച്ച് തൊഴിലാളികള്‍ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അര്‍ഹതയുള്ള ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഓപ്ഷന് നൽകാനോ വിവരങ്ങള്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു.
1995 നവംബർ 16 മുതല്‍ ഉയര്‍ന്ന പെന്ഷന് ഓപ്റ്റ് ചെയ്ത് വിഹിതം അടച്ചുവരുകയും 2014ലെ സ്കീം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ ഓപ്ഷന് നല്‍കാതിരിക്കുകയും ചെയ്തവർക്ക് വീണ്ടും ഓപ്ഷന് നല്‍കാനുള്ള അവസരം നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുള്ള അവസരമാണ് സുപ്രീംകോടതി വിധിയില്‍ അനുവദിച്ചത്. എന്നാല്‍, അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്കുള്ള അവസരം നിഷേധിക്കുന്ന നടപടിയാണ് ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.