മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് സംശയം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ മുൻ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ(ആർ.എസ്.പി)യും. നവംബർ 20ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ വോട്ടുകൾ മഹായുതി സ്ഥാനാർഥികൾക്ക് പോയെന്ന് ആർ.എസ്.പി നേതാവ് മഹാദേവ് ജങ്കാർ ആരോപിച്ചു. ഇത് ഭരണ സഖ്യത്തിന് വൻ വിജയം രേഖപ്പെടുത്തിയെന്നും പറഞ്ഞു.
ബി.ജെ.പിയും ശിവസേനയും എൻ.സി.പിയും അടങ്ങുന്ന മഹായുതി 288 സീറ്റുകളിൽ 230 സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 46 സീറ്റുകളാണ് നേടിയത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ക്രമക്കേട് ആരോപിച്ച് ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
‘ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യപ്പെടാം. ഞാനും ഒരു എൻജിനീയറാണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ പേപ്പർ ബാലറ്റിലേക്ക് മാറണമെന്ന് ജങ്കാർ പറഞ്ഞു. ആർ.എസ്.പി വോട്ടുകൾ മഹായുതി സ്ഥാനാർഥികൾക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു.
അക്കൽകോട്ട് അസംബ്ലി സീറ്റിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥി സുനിൽ ബന്ദ്ഗറിന് തന്റെ ഗ്രാമത്തിൽ നിന്ന് പൂജ്യം വോട്ടാണ് ലഭിച്ചതെന്നും ജങ്കാർ പറഞ്ഞു. സ്ഥാനാർഥിക്ക് സ്വന്തം വോട്ട് പോലും നേടാൻ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ബന്ദ്ഗറിന് ആകെ ലഭിച്ചത് 1,312 വോട്ടുകളാണ്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണം അനുസരിച്ച് ബി.ജെ.പി ഗംഗാഖേഡ് സീറ്റ് ആർ.എസ്.പിക്ക് വിട്ടുകൊടുത്തെങ്കിലും പാർട്ടി സഖ്യം തള്ളി. 93 സ്ഥാനാർത്ഥികളെ നിർത്തി ഒരു സീറ്റിൽ വിജയിച്ചു. എൻ.ഡി.എയുടെ ഭാഗമായി ജങ്കാർ പർഭാനി ലോക്‌സഭാ സീറ്റിൽ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.