ജോലി സമ്മർദ്ദം മൂലം മരിച്ച യുവതിയെ അപമാനിച്ചിട്ടില്ലെന്ന്; പ്രതിഷേധം കടുത്തപ്പോൾ മലക്കം മറിഞ്ഞ് നിർമല സീതാരാമൻ

ന്യൂഡൽഹി: പുണെയിൽ അമിത ജോലി സമ്മർദത്തെ തുടർന്ന് മരിച്ച 26 കാരിയായ ‘ഏണസ്റ്റ് ആൻഡ് യങ്ങ്’ ജീവനക്കാരിക്കെതിരായ പ്രസ്താവനയിൽ വിശദീകരണം നൽകാൻ നിർബന്ധിതയായി ധനമന്ത്രി നിർമല സീതാരാമൻ. നിർമലയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം രൂക്ഷമായ വിമർശനമുയർന്നതിനെ തുടർന്നാണ് ത​ന്‍റെ പരാമർശം വിശദീകരിക്കാൻ അവർ തയ്യാറായത്. ഇരയെ അപമാനിച്ചിട്ടില്ലെന്ന് അവർ നിഷേധിച്ചു. ഞായറാഴ്ച ചെന്നൈയിലെ മെഡിക്കൽ കോളജിലെ പരിപാടിയിൽ സംസാരിക്കവെയാണ് സമ്മർദ്ദം കൈകാര്യം ചെയ്യാൻ ആളുകൾക്ക് ആന്തരിക ശക്തി ആവശ്യമാണെന്നും അത് ദൈവവുമായുള്ള ബന്ധത്തിലൂടെ മാത്രമേ നേടാനാകൂവെന്നും മന്ത്രി പറഞ്ഞത്.

‘നമ്മുടെ കുട്ടികൾ വിദ്യാഭ്യാസത്തിനായി കോളജുകളിലും സർവകലാശാലകളിലും പോകുകയും മികച്ച ഫലത്തോടെ പുറത്തുവരുകയും ചെയ്യുന്നു. സി.എ പഠിച്ച ഒരു സ്ത്രീ ഒരു കമ്പനിയിൽ ജോലി സമ്മർദ്ദം താങ്ങാനാവാതെ രണ്ട് മൂന്ന് ദിവസം മുമ്പ് മരിച്ചതായ വാർത്ത വന്നു. കുടുംബങ്ങൾ എന്താണ് പഠിപ്പിക്കേണ്ടത്​? നിങ്ങൾ പഠിക്കുന്നതും ചെയ്യുന്ന ജോലിയും എന്തുതന്നെയായാലും ആ സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള ആന്തരിക ശക്തി നിങ്ങൾക്ക് ഉണ്ടായിരിക്കണം. ഇത് ദൈവികതയിലൂടെ മാത്രമേ നേടാനാകൂ’ എന്നായിരുന്നു അവരുടെ വാക്കുകൾ. എന്നാൽ, കമ്പനിയെക്കുറിച്ചോ മരിച്ച പെൺകുട്ടി അന്ന സെബാസ്റ്റ്യൻ പേരയിലിനെക്കുറിച്ചോ സീതാരാമൻ പരാമർശിച്ചില്ല. അന്നയുടെ അമ്മയുടെ ഹൃദയഭേദകമായ കത്തിൽ ത​ന്‍റെ മകൾക്ക് ഇ.വൈ കമ്പനിയിൽ നേരിടേണ്ടി വന്ന ജോലി സമ്മർദത്തെക്കുറിച്ചും കമ്പനിയിൽനിന്ന് ആരും അവളുടെ ശവസംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാത്തതിനെ കുറിച്ചും പറഞ്ഞിരുന്നു.

ഇരയെ അപമാനിച്ചതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ സീതാരാമനെതിരെ രംഗത്തുവന്നു. ഇതിനെ തുടർന്നാണ് ‘എക്‌സി’ലെ പോസ്റ്റിലൂടെ മന്ത്രി വിശദീകരണം നൽകിയത്. ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിയുടെ വിമർശനത്തിന് മറുപടിയായിട്ടാണ് സീതാരാമൻ പ്രതികരിച്ചത്. ‘ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഡീംഡ് സർവകലാശാലയിൽ തമിഴിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ ഇക്കാര്യം പരാമർശിച്ചിരുന്നു. സി.എ പോലുള്ള കർക്കശമായ പരീക്ഷ പാസായതിനുശേഷം അവളുടെ സമ്മർദ്ദം അസഹനീയമാണെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. സ്ത്രീയുടെയോ സ്ഥാപനത്തി​ന്‍റെയോ പേരുകളൊന്നും പറഞ്ഞിട്ടില്ല. പ്രസ്തുത സർവകലാശാല എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു ധ്യാന ഹാളും ആരാധനാലയവും സംവിധാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ ആന്തരിക ശക്തി വളർത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് ഞാൻ സംസാരിച്ചത്. കുട്ടികളെ പിന്തുണക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു. ഇരയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് ചൂഷണകരമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനകം ഉറപ്പ് നൽകിയിട്ടുണ്ടെന്നും’ നിർമല വിശദീകരിച്ചു.

‘കഠിനമായ ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദം നേടിയപ്പോൾ ഉണ്ടായ സമ്മർദ്ദം കൈകാര്യം ചെയ്യാൻ അന്നക്ക് ആന്തരിക ശക്തി ഉണ്ടായിരുന്നു. വിഷലിപ്തമായ തൊഴിൽ സംസ്‌കാരവും നീണ്ട ജോലി സമയവുമാണ് അവളുടെ ജീവൻ അപഹരിച്ചത്. ഇരയെ അപമാനിക്കുന്നത് നിർത്തുക. അൽപ്പമെങ്കിലും സംവേദനക്ഷമത കാണിക്കാൻ ശ്രമിക്കുക. നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ ദൈവം വഴികാട്ടിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുർവേദിയുടെ പോസ്റ്റ്.

സീതാരാമ​ന്‍റെ പരാമർശത്തിന് തൊട്ടുപിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഞായറാഴ്ച എക്‌സിൽ പ്രതികരിച്ചിരുന്നു: ‘ഭരിക്കുന്നവരും ധനമന്ത്രിയും അദാനിയെയും അംബാനിയെയും പോലുള്ള കോർപറേറ്റ് ഭീമന്മാരുടെ വേദന മാത്രമേ കാണൂ. അത്യാഗ്രഹികളായ കോർപറേറ്റ് വ്യവസ്ഥിതി ചൂഷണം ചെയ്യുന്ന കഠിനാധ്വാനികളായ യുവതലമുറയുടെ വേദനയവർ കാണില്ല. ചരിത്രപരമായ തൊഴിലില്ലായ്മയുടെ ഈ കാലഘട്ടത്തിൽ അവർ ഒരു ജോലി നേടുന്നതിൽ വിജയിച്ചാൽപോലും’ എന്നായിരുന്നു അത്. ‘വീട്ടിലിരുന്ന് സ്ട്രെസ് മാനേജ്‌മെന്‍റ് പഠിക്കണമെന്ന നിർദേശത്തിലൂടെ അന്നയെയും കുടുംബത്തെയും ധനമന്ത്രി കുറ്റപ്പെടുത്തുന്നത് ക്രൂരവും നിന്ദ്യവുമാണ്. അത്തരം പ്രസ്താവനകൾ നിമിത്തം ഒരാൾക്ക് തോന്നുന്ന ദേഷ്യവും വെറുപ്പും വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. എത്ര ഹൃദയശൂന്യതയാണ് ഈ സർക്കാരിന്? സഹാനുഭൂതിയുടെ എല്ലാ ബോധവും നഷ്ടപ്പെട്ടോ? ഈ ഭയാനകമായ ദുരന്തത്തിൽനിന്ന് രക്ഷിതാക്കൾ ഇപ്പോഴും കരകയറുന്നേയുള്ളൂ. വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെ സത്യസന്ധമായ അവലോകനത്തിലേക്കും ജീവനക്കാരെ സംരക്ഷിക്കുന്ന ആവശ്യമായ പരിഷ്കാരങ്ങളിലേക്കും നയിക്കണമെന്നും വേണുഗോപാൽ പ്രതികരിച്ചു.

ഇടത് പാർട്ടികളും നിർമലക്കെതിരെ ശക്തമായി രംഗത്തെത്തി. അന്ന സെബാസ്റ്റ്യ​ന്‍റെ മരണത്തെക്കുറിച്ചുള്ള നിർമലയുടെ അഭിപ്രായത്തിൽ, മാനസിക സമ്മർദ്ദം വീട്ടിൽനിന്നോ ദൈവവിശ്വാസത്തിലൂടെയോ കൈകാര്യം ചെയ്യണമെന്ന് സൂചിപ്പിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് സി.പി.ഐ രാജ്യസഭാംഗം എ.എ.റഹീം പ്രതികരിച്ചു. വിഷലിപ്തമായ തൊഴിൽ അന്തരീക്ഷത്തിൽ യുവാക്കൾ അഭിമുഖീകരിക്കുന്ന യഥാർഥ പോരാട്ടങ്ങളെ ഇത് കുറച്ചുകാണുന്നു. ഇന്ത്യയിലെ യുവ പ്രൊഫഷണലുകളുടെ നേർക്കുള്ള വ്യാപകമായ അവഗണനയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത്. നിർമല സീതാരാമൻ ത​ന്‍റെ നിർവികാരമായ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം. നമ്മുടെ യുവജനങ്ങൾ അനുകമ്പ അർഹിക്കുന്നു. അവരുടെ പോരാട്ടങ്ങളെ തള്ളിക്കളയുകയല്ല വേണ്ടതെന്നും റഹീം പറഞ്ഞു. നിർമല മാപ്പ് പറയണമെന്ന് സി.പി.ഐ രാജ്യസഭാംഗം പി.സന്തോഷ് കുമാറും ആവശ്യപ്പെട്ടു.

Tags:    
News Summary - EY employee death: Facing intense backlash, Nirmala Sitharaman denies victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.