ബാബരി മസ്ജിദിൽനിന്ന് മൂന്ന് കി.മീ മാറിയാണോ രാമക്ഷേത്രം നിർമിക്കുന്നത്? -വസ്തുത വ്യക്തമാക്കി ആൾട്ട് ന്യൂസ്

ലഖ്നോ: അ​യോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിന്ന് മൂന്ന് കി.മീ മാറിയാണ് പുതിയ രാമക്ഷേത്രം നിർമിക്കുന്നതെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും അവകാശ​പ്പെടുന്നുണ്ട്. ഇക്കാര്യം പറയുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന വൈറലാണ്. ഹരിയാന പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി വികാസ് ബൻസാൽ അടക്കം റാവത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ശ്രീരാമൻ ജനിച്ച സ്ഥലത്താണ് നിർമിച്ചതെന്ന് പറഞ്ഞാണ് ബാബറി മസ്ജിദ് തകർത്തത്. മസ്ജിദിന്റെ മിനാരത്തിനടിയിലാണ് ജന്മസ്ഥലം എന്നായിരുന്നു പറഞ്ഞത്. എന്നാൽ, ഇപ്പോൾ എന്തിനാണ് മൂന്ന് കിലോമീറ്റർ അകലെ ക്ഷേത്രം നിർമ്മിക്കുന്നത്? മൂന്ന് കിലോമീറ്റർ അകലെ രാമക്ഷേത്രം നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിൽ എന്തിനാണ് മസ്ജിദ് പൊളിച്ച് ഹിന്ദു-മുസ്‍ലിം സംഘർഷം സൃഷ്ടിച്ചത്? ’ -എന്നാണ് സഞ്ജയ് റാവത്ത് വിഡിയോയിൽ ചോദിക്കുന്നത്. അയോധ്യയിൽ പണിയുന്ന രാമക്ഷേത്രം ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണെന്ന് ഇസ്‍ലാമിക പണ്ഡിതനായ ഫസീൽ അഹമ്മദും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

മനീഷ് ജേത്വാനി എന്ന ഉപയോക്താവാകട്ടെ, ബാബരി മസ്ജിദും രാമക്ഷേത്രവും മൂന്ന് കിലോമീറ്റർ വ്യത്യാസത്തിലാണെന്ന് ഗൂഗിൾ മാപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ട്വീറ്റ് ചെയ്തു. അതിൽ രണ്ട് സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുമുണ്ട്. ബാബരി മസ്ജിദ് തകർത്ത സ്ഥലത്തല്ല മറ്റൊരു സ്ഥലത്താണ് രാമക്ഷേത്രം നിർമിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

എന്നാൽ, സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള നേതാക്കളുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും വാദം തെറ്റാണെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് വ്യക്തമാക്കുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥലത്താണ് രാമക്ഷേത്രം പണിയുന്നതെന്നും ഇവർ തെളിവുസഹിതം വ്യക്തമാക്കി.


16-ാം നൂറ്റാണ്ടിൽ നിർമിച്ച ബാബരി മസ്ജിദ് 1992 ഡിസംബർ ആറിനാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘം തകർത്തത്. 2019 നവംബറിൽ അവിടെ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി അനുമതി നൽകി. പകരം, മസ്ജിദ് പണിയാൻ അയോധ്യയിൽ തന്നെ അഞ്ചേക്കർ സ്ഥലം നൽകാനും യുപി സർക്കാരിനോട് കോടതി ഉത്തരവിട്ടിരുന്നു. 2020 ഓഗസ്റ്റിലാണ് രാമക്ഷേത്ര നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ പൂർത്തിയാകാത്ത ക്ഷേത്രത്തിൽ ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. 

Tags:    
News Summary - Fact check: Ram Mandir is being built at the same site where Babri Masjid once stood, not 3 km away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.