ഉദ്ദവ് താക്കറെ രാഹുലിന് മുമ്പിൽ തലകുനിച്ച ചിത്രം വ്യാജമെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന യു.ടി വിഭാഗം അധ്യക്ഷനുമായ ഉദ്ദവ് താക്കറെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മുമ്പിൽ തലകുനിക്കുന്ന ചിത്രം മോർഫ് ചെയ്തതാണെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട്. ശരിക്കുള്ള ചിത്രത്തിൽ ഉദ്ധവ് രാഹുലിന് മുന്നിൽ തലകുനിച്ചിട്ടില്ലെന്നും പൂച്ചെണ്ട് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ദി ജയ്‌പൂർ ഡയലോഗ്സ് സമൂഹമാധ്യമമായ എക്സിലാണ് വിവാദത്തിന് വഴിവെച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തിന്‍റെ യഥാർഥ വസ്തുത ഫാക്ട് ചെക്ക് പ്ലാറ്റ്ഫോമായ ബൂമാണ് പുറത്തുവിട്ടത്. യഥാർഥ ചിത്രത്തിൽ ഉദ്ധവ് രാഹുലിന് പൂച്ചെണ്ട് നൽകുന്നത് മാത്രമാണ് കാണാൻ സാധിക്കുന്നത്.

ആഗസ്ത് 7നാണ് ഉദ്ധവ് മകൻ ആദിത്യയോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും സന്ദർശിച്ചത്. ഈ സമയത്ത് പകർത്തിയ ചിത്രമാണ് ദി ജയ്‌പൂർ ഡയലോഗ്സ് മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. രാഹുലിന് മുന്നിൽ ഉദ്ധവ് തലകുനിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഉദ്ദവ് ധരിച്ച കുർത്തയുടെ നിറത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ആധികാരികത വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് മുന്നോട്ടുവന്നത്. ഉദ്ദവ്-രാഹുൽ-ഖാർഗെ കൂടിക്കാഴ്ചയുടെ യഥാർഥ ചിത്രങ്ങൾ ശിവസേന ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. വ്യാജ ചിത്രത്തിൽ നടപടി ആവശ്യപ്പെട്ട് ശിവസേന പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Fact check report that the picture of Uddav Thackeray bowing before Rahul is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.