ലഖ്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 45 വയസ്സുള്ള ഗൃഹനാഥൻ, ഭാര്യ, 16 വയസ്സുള്ള മകളും 10 വയസ്സുകാരനയ മകനുമാണ് കൊല്ലപ്പെട്ടത്. ഇതിൽ 16കാരി കൂട്ടബലാത്സംഗത്തിനും ഇരയായിട്ടുണ്ട്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു.
പ്രയാഗ് രാജിലാണ് ദാരുണ സംഭവം. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും സവർണ ജാതിക്കാരായ അയൽവാസികളാണ് കുറ്റക്കാരെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രയാഗ് രാജ് പൊലീസ് ചീഫ് മാധ്യമങ്ങളോട് പറഞ്ഞു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുടുബത്തെ ആക്രമിച്ചതെന്നും സാരമായ പരിക്കുകൾ മൃതദേഹങ്ങളിൽ ഉണ്ടെന്നും പൊലീസ് പറയുന്നു. നാലു പേരുടെയും തലയ്ക്ക് കോടാലി കൊണ്ട് അടിച്ച തരത്തിൽ ആഴത്തിലാണ് മുറിവുകൾ.
അയൽവാസികളായ കുടുംബവുമായി ഇവർ 2019 മുതൽ സ്ഥലത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. നേരത്തെ സെപ്തംബർ 21നും ഈ കുടുംബത്തിന് അയൽവാസി കുടുംബത്തിൽനിന്ന് മർദനമേറ്റിരുന്നു. സംഭവത്തിൽ ഒരാഴ്ചക്ക് ശേഷം കേസെടുത്ത പൊലീസ് മർദനത്തിനിരയായ ഈ കുടുംബത്തിനെതിരെയും പിന്നീട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടാതെ, സുശീൽ കുമാർ എന്ന പൊലീസ് കോൺസ്റ്റബിൾ തങ്ങളെ സമീപിച്ച് ഒത്തു തീർപ്പിന് നിർബന്ധിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.