ഭോപാൽ: മധ്യപ്രദേശിൽ ക്ഷേത്രം പണിയാൻ സ്ഥലം സംഭാവന ചെയ്യാത്തതിന്‍റെ പേരിൽ കുടുംബത്തിന് ഊരുവിലക്കും പ്രാകൃത ശിക്ഷാവിധിയും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
ഗുണ ശിവാജി നഗർ പ്രദേശത്തെ താമസക്കാരനാണ് ഹിര ലാൽ ഗോസി. ഹിര ലാൽ പരാതിയുമായി ജില്ല കലക്ടറുടെ അടുത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പഞ്ചായത്തിൽ തിരിച്ചെടുക്കണമെങ്കിൽ തലയിൽ ഷൂ വെച്ച് നടക്കാനും താടി വടിക്കാനും കുടുംബാംഗങ്ങളെ പശുമൂത്രം കുടിപ്പിക്കാനും പഞ്ചായത്ത് ആവശ്യപ്പെട്ടതായി വയോധികൻ നൽകിയ പരാതിയിൽ പറയുന്നു.
ക്ഷേത്രം പണിയാൻ ഭൂമി നൽകുന്നതുമായി ബന്ധെപ്പട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഗോസി പറഞ്ഞു. 'ഭൂമിയുടെ ഒരു ഭാഗം ക്ഷേത്രം പണിയുന്നതിനായി ഞങ്ങൾ വിട്ടുനൽകിയിരുന്നു. എന്നാൽ മുഴുവൻ ഭൂമിയും േവണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. എതിർത്തതോടെ ഞങ്ങളുടെ കുടുംബത്തെ അവർ പുറത്താക്കി. മറ്റുള്ളവർ വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കുടുംബത്തിൽനിന്ന് വിവാഹം കഴിക്കുന്നതിനും അവർ വിലക്കേർപ്പെടുത്തി' -ഗോസി ജില്ല കലക്ടറെ അറിയിച്ചു.
പഞ്ചായത്തിന്‍റെ ഉൗരുവിലക്ക് പ്രഖ്യാപനം ഗോസി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് അവരെ ചൊടിപ്പിച്ചതോടെ കൂടുതൽ വിലക്കുകളും പഞ്ചായത്ത് ഏർെപ്പടുത്തി. മുഴുവൻ ഭൂമിയും സംഭാവന നൽകുന്നതിന് പുറമെ കുടുംബം മുഴുവൻ ശുദ്ധീകരണത്തിനായി പശുമൂത്രം കുടിക്കണം. കൂടാതെ അവരുടെ ഷൂസ് തലയിൽ ചുമക്കണം. കുടുംബനാഥൻ താടി വടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'ഞാൻ കൈവശം വെച്ചിരിക്കുന്ന ഭൂമിയെ ചൊല്ലിയാണ് എല്ലാ തർക്കങ്ങളും. ക്ഷേത്രം നിർമിക്കാനായി ഭൂമിയുടെ ഒരു ഭാഗം ഞങ്ങൾ കൈമാറി. മുഴുവൻ ഭൂമിയും കൈമാറിയാൽ ഞങ്ങൾ ഭൂരഹിതരാകും' -ഗോസി പറഞ്ഞു.
ഗോസിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ല കലക്ടർ ഫ്രാങ്ക് നോബൽ പറഞ്ഞു. പരാതി സത്യമാണെന്ന് തെളിഞ്ഞാൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.