ഗുജറാത്തിൽ ദമ്പതികൾ മകളെ 'ബലി' നൽകിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ സോമനാഥ് ജില്ലയിലുള്ള ധാര ഗിർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒക്ടോബർ മൂന്ന് നവരാത്രി ദിനത്തിൽ ദമ്പതികൾ പതിനാല് വയസ്സുള്ള മകളെ നരബലി നടത്തിയെന്നാണ് പരാതി. മകളുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സാമ്പത്തിക നേട്ടമുണ്ടാകാൻ മകളെ ഇവർ ബലി നൽകിയതായി സംശിയിക്കുന്നുവെന്നുമാണ് പരാതി ഉയർന്നത്.
പെൺകുട്ടിയുടെ പിതാവ് സൂററ്റിൽ കച്ചവടം നടത്തുകയാണ്. ഇവിടെയാണ് പെൺകുട്ടി ആറ് മാസം മുമ്പുവരെ പഠിച്ചിരുന്നത്. പെട്ടന്നൊരു ദിവസം മാതാപിതാക്കൾ സ്കൂളിൽ നിന്ന് മകളുടെ ടിസി വാങ്ങി. പിന്നീട് നാട്ടിലെത്തിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമിൽ താമസിപ്പിച്ചു. ഇവിടെ വെച്ചാണ് കുട്ടി മരിക്കുന്നത്. ഒക്ടോബർ മൂന്നിന് ഇവിടെ വെച്ച് പെൺകുട്ടിയെ ബലി നൽകിയെന്നാണ് നാട്ടുകാരുടെ ആരോപണം. ആരും അറിയാതെ അർധാരാത്രിയിൽ കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിൽ പെൺകുട്ടിയെ സംസ്കരിച്ചുവെന്നും ഗ്രാമവാസികൾ പറയുന്നു.
നാല് ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചു. ഇതിനു ശേഷമാണ് ചുരുക്കം ചില ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തിയത്. ഫാമിൽ തന്നെ ചടങ്ങുകൾ സംസ്കാരം നടത്തിയതാണ് നാട്ടുകാർക്ക് സംശയം തോന്നാൻ കാരണം. മകളെ ബലി നൽകുന്നതിലൂടെ കുടുംബത്തിൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും മകൾ പുനർജനിക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായുമാണ് കരുതുന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളെയാണ് സംശയിക്കുന്നതെന്നും ഗിർ സോമനാഥ് ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹർസിങ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.