മോദിസർക്കാറിൽ മനംമടുത്താണീ കടുംകൈ; അവർ കണ്ണുതുറക്കണമെങ്കിൽ ഞങ്ങളുടെ ജീവൻ ബലിനൽകണം, അതിനു തുടക്കം കുറിക്കുന്നു'

ചണ്ഡീഗഢ്: കേന്ദ്രസർക്കാറി​ന്റെ കർഷക വിരുദ്ധനയങ്ങളിൽ പ്രതിഷേധം തുടരവെ, വ്യാഴാഴ്ച ഒരു കർഷകൻ ജീവനൊടുക്കുകയുണ്ടായി. 54 കാരനായ രേഷം സിങ് ആണ് കേന്ദ്രസർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങളിൽ മനസുമടുത്ത് ജീവിതം അവസാനിപ്പിച്ചത്. പഞ്ചാബിലെ താരൺ തരൺ ജില്ലയിലെ പഹുവിന്ദാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

രേഷം സിങ് ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ മറ്റു കർഷകർ ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ സമീപത്തെ രാജ്പുര സിവിൽ ആശുപത്രിയിലെത്തിച്ചു. മോദി സർക്കാറിന്റെ നയങ്ങളിൽ മനംമടുത്താണീ കടുംകൈ ചെയ്തതെന്ന് ആശുപത്രിയിൽ വെച്ച് അദ്ദേഹം മറ്റുള്ളവരോട് പറഞ്ഞു.

​''നരേന്ദ്രമോദി സർക്കാറിൽ ഒട്ടും പ്രതീക്ഷയില്ല. അവർ കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് പോയിട്ട്, ശ്രദ്ധിക്കാൻ പോലും ശ്രമം നടത്തുന്നില്ല. ജഗ്ജിത് സിങ് ദല്ലേവാൾജി നിരാഹാര സത്യാഗ്രഹം തുടരുകയാണ്. അതിനെ കുറിച്ച്, അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിക്കുന്നുപോലുമില്ല.''-ഇതായിരുന്നു രേഷം സിങ്ങിന്റെ അവസാന വാചകങ്ങൾ.

നില വഷളായ ഇദ്ദേഹത്തെ ഉടൻ തന്നെ പട്യാലയിലെ രാ​േജന്ദ്ര മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ അദ്ദേഹം എന്നേക്കുമായി കണ്ണടച്ചു.

രേഷം സിങ്ങിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി അതിർത്തികളിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സർവാൻ സിങ് പാൻഥേർ പറഞ്ഞു.

രേഷം സിങ്ങിന്റെ അവസാന വാക്കുകൾ തങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകുന്നത് വരെ മൃതദേഹം സംസ്കരിക്കില്ലെന്നും പാൻഥേർ പറഞ്ഞു. മാത്രമല്ല, രേഷം സിങ്ങിന്റെ കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകണം. വലിയ കടബാധ്യതയാണ് കുടുംബത്തിനുള്ളത്. ഉറക്കം നടിക്കുന്ന കേന്ദ്രസർക്കാറിന് ഉണരാനുള്ള ഉത്തമസമയമാണിത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ധർണ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 330 ദിവസമായി അതിർത്തിയിൽ കർഷകർ സമരം തുടരുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

''കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉണരുന്നതിനായി ഞങ്ങൾ ജീവത്യാഗം ചെയ്യേണ്ടതുണ്ട്. ഞാനതിന് തുടക്കം കുറിക്കുകയാണ്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയിലെ അംഗമാണ് ഞാൻ. അടുത്ത ജൻമത്തിലും ഈ സംഘടനയിൽ അംഗമാകാൻ കഴിയണേ എന്നാണ് പ്രാർഥന. തന്റെ ജീവൻ പോലും ത്യജിക്കാൻ തയാറായ ദല്ലേവാൾജിയുടെ പ്രഭാവം കണക്കിലെടുക്കുന്നു. അദ്ദേഹം ജീവൻ വെടിയുന്നതിന് മുമ്പായി ഞാൻ ജീവനൊടുക്കുന്നു.''-എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ വാചകങ്ങൾ.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഒരുമകനുമടങ്ങുന്നതാണ് രേഷം സിങ്ങിന്റെ കുടുംബം. അരയേക്കറിൽ താഴെ ഭൂമിയും സ്വന്തമായുണ്ട്.

ആദ്യം രേഷംസിങ്ങിനെ എത്തിച്ച ആശുപത്രിയിൽ ഐ.സി.യു സൗകര്യങ്ങൾ പോലുമുണ്ടായിരുന്നില്ല. തുടർന്നാണ് പട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റാനായി റഫർ ചെയ്തത്. കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധനയങ്ങളിൽ മനംമടുത്ത് 2024 ഡിസംബർ 14നു ശേഷം രേഷം സിങ് ഉൾപ്പെടെ ഇതുവരെ മൂന്ന് കർഷകരാണ് ജീവനൊടുക്കിയത്.

Farmer kills himself at Shambhu in third suicide during border protests

Tags:    
News Summary - Farmer kills himself at Shambhu in third suicide during border protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.