ന്യൂഡൽഹി: ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെ സംയുക്ത കർഷക മോർച്ച വീണ്ടും സമരം പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി രാജ്യവ്യാപകമായി നവംബർ 26ന് രാജ്ഭവനുകളിലേക്കും ഡിസംബർ ഒന്നിന് എല്ലാ പാർട്ടികളുടെയും എം.പിമാരുടെയും ഓഫിസുകളിലേക്കും മാർച്ച് നടത്തുമെന്ന് മോർച്ച ന്യൂഡൽഹി പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കർഷകർക്കെതിരായ മൂന്ന് കരിനിയമങ്ങൾ പിൻവലിച്ചതിന്റെ വാർഷികം നവംബർ 19ന് 'ഫത്തേഹ് ദിവസ്' (വിജയദിവസം) ആയി ആചരിക്കുമെന്നും കർഷക നേതാക്കളായ ഹന്നാൻ മൊല്ല, ദർശൻ പാൽ, യുധ്‍വീർ സിങ്, അവിക് സാഹ, അശോക് ധാവ് ലെ എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്ഭവനിൽ ഗവർണറെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനങ്ങൾ കൈമാറുമെന്നും ലോക്സഭ, രാജ്യസഭ എം.പിമാരെ കണ്ട് കർഷകരുടെ ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കർഷകരുടെ എല്ലാ വിളകൾക്കും ചുരുങ്ങിയ താങ്ങുവിലക്ക് നിയമനിർമാണം നടത്തുക, കടങ്ങൾ എഴുതിത്തള്ളി കർഷകരെ കടബാധ്യതകളിൽനിന്ന് മുക്തരാക്കുക, കേന്ദ്രസർക്കാറിന്റെ വൈദ്യുതി ബിൽ 2022 റദ്ദാക്കുക, ലഖിംപുർ ഖേഡിയിൽ കർഷകരുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് കുമാർ തേനിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി നിയമനടപടിയെടുക്കുക.
സമഗ്ര കാർഷിക ഇൻഷുറൻസ് പദ്ധതി ആവിഷ്‍കരിക്കുക, കർഷകസമരക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുക, കർഷകസമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വീണ്ടും സമരം. തുടർപരിപാടികൾ നിശ്ചയിക്കാൻ അടുത്ത യോഗം ഡിസംബർ എട്ടിന് കർണാലിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.