ന്യൂഡൽഹി: ‘ദില്ലി ചലോ’ മാർച്ചിന് നേരെയുണ്ടായ ഹരിയാന പൊലീസ് അതിക്രമത്തിൽ കർഷകൻ മരിച്ചതോടെ സമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. മരണത്തെതുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം സമരം നിർത്തിവെച്ചിരിക്കുകയാണ്. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച രാത്രി കർഷക നേതാക്കൾ യോഗം ചേർന്നു.
കർഷകന്റെ മരണത്തിന് പിന്നാലെ, സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച ഔദ്യോഗിക വിഭാഗവും പ്രഖ്യാപിച്ചു. ഫെബ്രുവരി 26ന് ദേശീയപാതകളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്ന് സംയുക്ത കിസൻ മോർച്ച നേതാക്കൾ അറിയിച്ചു.
ഖനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന പഞ്ചാബ് ഭട്ടിണ്ഡ സ്വദേശി 24കാരൻ ശുഭ് കരൺ സിങ്ങാണ് ബുധനാഴ്ച മരിച്ചത്. തലയുടെ പിൻഭാഗത്ത് മുറിവേറ്റാണ് ശുഭ് കരൺ മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹർനം സിങ് രേഖി പറഞ്ഞു. മരണകാരണം വെടിയേറ്റ പരിക്കായിരിക്കാമെന്നും എന്നാൽ കൃത്യമായ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം അറിയിച്ചു.
റബർ ബുള്ളറ്റ് ശുഭ് കരണിന്റെ തലയിൽ പതിച്ചെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പഞ്ചാബ് പട്യാല റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കി. ഈ ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു.
കർഷകന്റെ മരണത്തിൽ അനുശോചിച്ചും കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും പ്രതിപക്ഷം രംഗത്തുവന്നു. ബി.ജെ.പി കൊന്നുതള്ളിയ കര്‍ഷകരുടെ കണക്ക് ചരിത്രം പുറത്തുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കർഷകന്റെ മരണത്തിൽ ഡൽഹി നിയമസഭ അനുശോചനം രേഖപ്പെടുത്തി. കർഷകന്റെ കൊലയെ ശക്തമായി അപലപിക്കുന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.