Supreme Court

കർഷകരെ നീക്കം ചെയ്ത സംഭവം: പഞ്ചാബ് സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീം കോടതി തള്ളി

ചണ്ഡീഗഡ്: ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിച്ച കർഷകരെ നീക്കം ചെയ്തതിന് പഞ്ചാബ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി.

മാർച്ച് 19 ന് മൊഹാലിയിൽ കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോൾ സർവാൻ സിങ് പന്ദേർ, ദല്ലേവാൾ എന്നിവരുൾപ്പെടെയുള്ള കർഷക നേതാക്കളെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശംഭു, ഖനൗരി പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിക്കുകയും ചെയ്തു.

കോടതിയലക്ഷ്യ ഹരജി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് കാന്ത് ഹരജിക്കാരനോട് പറഞ്ഞതിനെ തുടർന്ന് ഹരജി പിൻവലിച്ചു. അതേസമയം സംസ്ഥാനം പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും മാസങ്ങളായി തടസപ്പെട്ടിരുന്ന ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് ബെഞ്ചിനെ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 26 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പ്രതിഷേധ നേതാക്കളിൽ ഒരാളായ ജഗ്ജിത് സിങ് ദല്ലേവാൾ വെള്ളിയാഴ്ച നിരാഹാരം അവസാനിപ്പിച്ചതായും ഗുർമീന്ദർ സിങ് പറഞ്ഞു. ഇതേത്തുടർന്ന്, ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനുമെതിരെ നേരത്തെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികളും സുപ്രീം കോടതി ഒഴിവാക്കി.

കർഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാനക്കും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയം ബെഞ്ചിന് മുന്നിൽ വന്നത്.

Tags:    
News Summary - Farmers eviction incident: Supreme Court dismisses contempt petition against Punjab government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.