ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡൽഹിയിൽ ആയിരങ്ങൾ പങ്കെടുത്ത കർഷക മഹാപഞ്ചായത്ത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കർഷകരും വനിത -യുവജന സംഘടനകളും വ്യാഴാഴ്ച ഡൽഹി രാംലീല മൈതാനിയിൽ സംയുക്ത കിസാൻ മോർച്ച വിളിച്ചുചേർത്ത കർഷക മഹാപഞ്ചായത്തിൽ പങ്കെടുത്തു.കോർപറേറ്റ്, വർഗീയ, ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് മഹാപഞ്ചായത്തിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 2014നും 2022നും ഇടയിൽ 1,00,474 കർഷകരാണ് കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. കർഷക കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നു.
വൈദ്യുതി സ്വകാര്യവത്കരണം വേഗത്തിലാക്കുന്നുവെന്നും കേന്ദ്ര സർക്കാറിനെതിരെ പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തുന്നു. മാർച്ച് 23,24 തീയതികൾ ജനാധിപത്യ സംസരക്ഷണ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സമരം തുടക്കം മാത്രമാണെന്നും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. വിളകൾക്ക് മിനിമം താങ്ങുവില അടക്കം നിരവധി വിഷയങ്ങളിൽ മോദി സർക്കാർ വാക്കുപാലിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധമെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ വ്യക്തമാക്കി. കർഷക മഹാപഞ്ചായത്തിൽ 5,000 പേർക്ക് പങ്കെടുക്കാനാണ് ഡൽഹി പൊലീസിന്റെ അനുമതി ഉണ്ടായിരുന്നത്. മാർച്ച് പാടില്ല, ട്രാക്ടർ കൊണ്ടുവരരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിരുന്നു.
എന്നാൽ, 30,000ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. വൻ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരുന്നത്. വാഹനങ്ങൾ അതിർത്തിയിൽ പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്. പൊലീസ് നിയന്ത്രണം അതിർത്തികളിൽ ഗതാഗതക്കുരുക്കിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.