ന്യൂഡൽഹി: ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷകർ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. സൂര്യകാന്തിക്ക് ചുരുങ്ങിയ താങ്ങുവില ഏർപ്പെടുത്തുമെന്നും റോഡ് ഉപരോധിച്ചതിന് അറസ്റ്റിലായവരെ വിട്ടയക്കുമെന്നും ചർച്ചയിൽ ധാർണയായതിനെ തുടർന്നാണ് നടപടി.
ഭാരതീയ കിസാൻ യൂനിയൻ ചടുലി വിഭാഗവും സംയുക്ത കിസാൻ മോർച്ചയും രൂപം കൊടുത്ത സംയുക്ത സമരസമിതിയാണ് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയത്. കുരുക്ഷേത്രയിലെ പിപ്‍ലിയിൽ നടത്തിയ സമരവും റോഡ് ഉപരോധവും ഇതോടെ അവസാനിപ്പിക്കും.
സമരം നിർത്തില്ലെന്നും നീണ്ട സമരത്തിന് ട്രാക്ടറുകളും ട്രോളികളും സജ്ജമാക്കി നിർത്തണമെന്നും നേരത്തെ വ്യക്തമാക്കിയ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത് കർഷകരോട് ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ദേശീയപാത 44 ഉപരോധിച്ച് ടെന്റുകൾ കെട്ടി രാത്രി നടുറോഡിൽ ഉറങ്ങിയ കർഷകർ സമരം ദീർഘമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ട്രാക്ടറുകളും ട്രോളികളും സജ്ജമാക്കാൻ ആവശ്യപ്പെട്ടത്.
ഡൽഹി അതിർത്തിയിലെ പഴയ സമരമാതൃകയിൽ കർഷകർ ദേശീയപാതയിൽ ടെന്റുകൾ കെട്ടുന്നത് ചൊവ്വാഴ്ചയും തുടർന്നു. ഇത് കൂടാതെ സംയുക്ത സമിതി ഉണ്ടാക്കി സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ടികായത് പറഞ്ഞു. ഇതിനു പിന്നാലെയാണ് രാത്രി വൈകി ധാരണയിലെത്തിയതും സമരം അവസാനിപ്പിക്കുന്നതും. സംയുക്ത കിസാൻ മോർച്ചയും ഭാരതീയ കിസാൻ യൂനിയൻ ചഡൂണി വിഭാഗവും ചേർന്നാണ് സംയുക്ത സമരസമിതി ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.