ന്യൂഡൽഹി: കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് യമുന എക്സ്പ്രസ്വേയിലൂടെ കർഷകരുടെ ട്രാക്ടർ മാർച്ച്. രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള ഭാരതീയ കിസാന്‍ യൂനിയനാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുവരെ ട്രാക്ടർ മാർച്ച് നടത്തിയത്.
മാർച്ചിനെ തുടർന്ന് തിങ്കളാഴ്ച നോയ്ഡ അതിർത്തി അടച്ച ഡൽഹി പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.മിനിമം താങ്ങുവില ആവശ്യപ്പെട്ട് പഞ്ചാബിൽ സംയുക്ത കിസാൻ മോർച്ച വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം ഡബ്ലൂ.ടി.ഒ കോലം കത്തിച്ചു. അഭിപ്രായഭിന്നതയെ തുടർന്ന് വേർപിരിഞ്ഞ് നിൽക്കുന്ന കർഷക സംഘടനകളെ വീണ്ടും ഒരുമിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി രൂപവത്കരിച്ച ആറംഗ കമ്മിറ്റി തിങ്കളാഴ്ച ചണ്ഡിഗഢിൽ യോഗം ചേർന്നു.
രാകേഷ് ടികായത്ത് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. 2020-21ലെ ഡൽഹി കർഷക പ്രക്ഷോഭം അവസാനിച്ചതിന് പിന്നാലെ ഒരു വിഭാഗം പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതോടെയാണ് 500 ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച രണ്ടായി പിരിഞ്ഞത്. ജഗ്ജിത്ത് സിങ് ദല്ലേവാലിന്റെ നേതൃത്വത്തിൽ സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) എന്ന പേരിൽ മറ്റൊരു കൂട്ടായ്മക്ക് രൂപം നൽകുകയായിരുന്നു. ജഗ്ജിത്ത് സിങ് ദല്ലേവാലിന്റെ നേതൃത്വത്തിലാണ് ദില്ലി ചലോ മാർച്ച് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.