ഗ്രനേഡ് ആക്രമണത്തിന് ഇരയായവരെ ആശുപത്രിയിൽ സന്ദർശിച്ച് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ശ്രീനഗറിലെ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ള. പരിക്കേറ്റ സാധാരണക്കാരെ കാണാൻ താഴ്‌വരയിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിലെത്തിയ അദ്ദേഹം അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കാൻ ആശുപത്രി അധികൃതരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിക്കൊപ്പം വിരമിച്ച ജഡ്ജിയും എം.എൽ.എയുമായ ഹസ്‌നൈൻ മസൂദിയും ഉണ്ടായിരുന്നു.

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ സുരേന്ദർ കുമാർ ചൗധരിയും നേരത്തെ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുമായും കുടുംബാംഗങ്ങളുമായും സംവദിച്ചു. ശ്രീനഗർ ഡെപ്യൂട്ടി കമീഷണർ ഡോ.ബിലാൽ മൊഹിദീനും അപകടത്തിൽപ്പെട്ടവരെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. ‘ഞങ്ങൾ ഇവിടെ വന്നത് പരിക്കേറ്റവരെ കാണാനാണ്. അവർ ചികിത്സയിലാണ്. രണ്ട് രോഗികൾക്ക് ശസ്ത്രക്രിയക്ക് വിധേയരാകേണ്ടതുണ്ട്. പ്രത്യേക പരിചരണം നൽകും. ബാക്കിയുള്ളവർ ചികിത്സക്കുശേഷം ആശുപത്രി വിടും -മൊഹിദിൻ പറഞ്ഞു.

ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്‍ററിലും ആഴ്ച ചന്തയിലും ഞായറാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശ്രീനഗർ പൊലീസ് യു.എ.പി.എ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഗ്രനേഡ് ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും വാർത്താ തലക്കെട്ടുകൾ ആധിപത്യം പുലർത്തുന്നു. ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ  നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള വാർത്ത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് ന്യായീകരണമില്ല-എക്‌സിലെ പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതുവഴി ആളുകൾക്ക് ഒരു ഭയവുമില്ലാതെ അവരുടെ ജീവിതം നയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Farooq Abdullah meets victims of grenade attack at SMHS Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.