ജമ്മു: ദോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ നാലു മണിക്കൂറിനിടെ രണ്ടുതവണ വെടിവെപ്പ്. കലാം ഭാട പ്രദേശത്ത് ചൊവ്വാഴ്ച രാത്രി 10.45നും പഞ്ചൻ ഭാടയിൽ ബുധനാഴ്ച പുലർച്ച രണ്ടിനുമാണ് വെടിവെപ്പുണ്ടായത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് ഭീകരർക്കായി വ്യാപക തിരച്ചിലാണ് സൈന്യം നടത്തുന്നത്.
പാക് പിന്തുണയുള്ള നിരോധിത ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദുമായി ബന്ധമുള്ളവർ അതിർത്തി കടന്നെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക അധികൃതർ പറഞ്ഞു. ഇവർക്കായി ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മെലാൻ, ഗണ്ടോഹ് മേഖലകളിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് വില്ലേജ് ഡിഫൻസ് ഗാർഡ് വെടിവെപ്പ് നടത്തി. ഗണ്ടോഹിൽനിന്ന് രണ്ട് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു.
ജമ്മു മേഖലയിൽ 2021 മുതൽ ഭീകരാക്രമണങ്ങളിൽ 70ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 52 പേർ സുരക്ഷാ സേനയിലുള്ളവരാണ്. ഈ ജൂലൈയിൽ മാത്രം മൂന്നുതവണ മേഖലയിൽ ഭീകരാക്രമണമുണ്ടാവുകയും ഒമ്പതുപേർ കൊല്ലപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.