ഹിസാർ(ഹരിയാന): ഹരിയാനയിൽ ഓക്സിജൻ ലഭിക്കാതെ വീണ്ടും കൂട്ടമരണം. ഹിസാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ചുപേരാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഓക്സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ആശുപത്രിക്ക് മുമ്പിൽ ബന്ധുക്കൾ പ്രതിഷേധവുമായെത്തി.
രണ്ടുദിവസത്തിനിടെ ഹരിയാനയിൽ ഓക്സിജൻ ലഭിക്കാതെ മൂന്ന് കൂട്ടമരണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയിൽ നാലു കോവിഡ് രോഗികൾ മരിച്ചിരുന്നു. റെവാരിയിലെ ആശുപത്രിയിൽ നാലുപേരും ഓക്സിജൻ ലഭിക്കാതെ മരിച്ചിരുന്നു. രണ്ടു ദുരന്തങ്ങളിലും ജില്ല ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ നിരവധി പേരാണ് ഓക്സിജൻ ലഭിക്കാതെ മരിക്കുന്നത്. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെള്ളിയാഴ്ച 25 രോഗികൾ മരിച്ചിരുന്നു. ഓക്സിജൻ ലഭിക്കാതെയായിരുന്നു മരണം.
ഹരിയാനയിലും ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്. 24 മണിക്കൂറിനിടെ ഹരിയാനയിൽ 10,000ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.