ന്യൂഡൽഹി: പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയും സാമൂഹിക പ്രവർത്തകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.
1977 മുതൽ 1979 വരെ മൊറാർജി ദേശായി സർക്കാറിൽ നിയമമന്ത്രിയായിരുന്നു. 1975 ജൂണിൽ അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർകക്ഷിയായ രാജ് നരെയ്നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങൾക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്.
കോൺഗ്രസ്, ജനത പാർട്ടി, ബി.ജെ.പി എന്നീ പാർട്ടികളിൽ പലപ്പോഴായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭ എം.പിയായും സേവനം ചെയ്തു. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. 1980ൽ പ്രമുഖ എൻ.ജി.ഒയായ ‘സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ’ സ്ഥാപിച്ചു. സുപ്രീംകോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായി പ്രശാന്ത് ഭൂഷൺ മകനാണ്.
2018ൽ സുപ്രീംകോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ശാന്തി ഭൂഷൺ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തിൽ സംശയമില്ലെന്നു പറഞ്ഞ് കോടതി ഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.