ന്യൂഡൽഹി: നാഷനൽ കോൺഫറൻസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ദേവേന്ദർ റാണയും സുർജീത് സിങ് സ്ലാത്തിയയും ഭാരതീയ ജനത പാർട്ടിയിൽ (ബി.ജെ.പി) ചേർന്നു. ഞായറാഴ്ച എൻ.സിയിൽ നിന്ന് രാജിവെച്ച നേതാക്കൾ തിങ്കളാഴ്ച ഡൽഹിയിലെത്തിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, ധർമേന്ദ്ര പ്രധാൻ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ജിതേന്ദ്ര സിങ്ങിന്‍റെ സഹോദരനായ റാണ എൻ.സി വിടുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എൻ.സിയിലെ പ്രമുഖ ഹിന്ദു മുഖമായിരുന്നു റാണ. 2014ലെ മോദി തരംഗത്തിനിടയിലും നാഗ്രോത മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു കയറി. അതേ വർഷം തന്നെ സ്ലാത്തിയ വിജയ്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.
ഇരുവരുടെയും രാജി എൻ.സി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല സ്വീകരിച്ചതായി നാഷനൽ കോൺഫറൻസ് വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ നടപടികളോ അഭിപ്രായപ്രകടനങ്ങളോ ആവശ്യമില്ലെന്ന് കരുതുന്നതായും പാർട്ടി ട്വീറ്റ് ചെയ്തു. അബ്ദുല്ലയുടെ അടുത്ത അനുയായി ആയിരുന്നു റാണ. കൂടാതെ ജമ്മു റീജിയനിലെ പ്രാവിഷ്യൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം.
അതേസമയം റാണ രാജിവെച്ചതോടെ എൻ.സി ജമ്മുവിലെ പ്രാവിൻഷ്യൽ പ്രസിഡന്‍റായി രത്തൻ ലാൽ ഗുപ്തയെ നാമനിർദേശം ചെയ്തു. ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.