സെന്തിൽ ബാലാജി

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിക്ക് ജാമ്യം, ജയിൽ മോചിതനായി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി സെന്തിൽ ബാലാജി ജയിൽ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ചെന്നൈയിൽ പുഴൽ സെൻട്രൽ ജയിലിലായിരുന്നു സെന്തിൽ ബാലാജിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ തടവിലിട്ടത്. സെന്തിലിന്‍റെ ജാമ്യഹരജി കഴിഞ്ഞ ഒക്ടോബറിൽ മദ്രാസ് ഹൈകോടതി തള്ളിയിരുന്നു. സെഷൻസ് കോടതി ജനുവരിയിലും ജാമ്യം നിരസിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയിൽ ഗതാഗത വകുപ്പിന്‍റെ ചുമതലയിരിക്കെ സെന്തിൽ അഴിമതിയിൽ പങ്കാളിയായെന്നാണ് കേസ്.

2013-14ലാണ് കേസിനാസ്പദമായ സംഭവം. ജയലളിതയുടെ ക്യാബിനറ്റ് അംഗമായിരുന്ന സെന്തിൽ, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങിയെന്നാണു കേസ്. 2018ൽ ഡി.എം.കെയിലേക്ക് കൂടുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ വൈദ്യുതി വകുപ്പിന്‍റെ ചുമതലയും സെന്തിലിന് ലഭിച്ചിരുന്നു. ജയിൽ മോചിതനാകുന്നതോടെ വീണ്ടും ചുമതലയേൽക്കുമെന്നാണ് സൂചന.

Tags:    
News Summary - Former Tamil Nadu Minister V Senthil Balaji walks out of jail after SC grants bail in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.