ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷകരമായ പരാമർശം നടത്തിയ മുൻ ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 'യോഗി രക്തം കുടിക്കുന്ന രാക്ഷസൻ' എന്ന പരാമർശത്തിനെതിരെയാണ് കേസ്.
ബി.ജെ.പി നേതാവ് ആകാശ് കുമാർ സക്സേനയുടെ പരാതിയിൽ സിവിൽ ലൈൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവിധ വാർത്ത ചാനലുകൾ സംപ്രേഷണം ചെയ്ത ഖുറേഷിയുടെ പ്രസ്താവന ഉൾപ്പെടുന്ന പെൻഡ്രൈവും സക്സേന പൊലീസിന് കൈമാറി.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വസതി സന്ദർശിച്ചതിന് ശേഷമായിരുന്നു മുൻ ഗവർണറുടെ വിവാദ പരാമർശം. രണ്ടു വിഭാഗങ്ങൾക്കിടയിൽ ഇത് മതസ്പർദയുണ്ടാക്കുമെന്നും സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സക്സേനയുടെ പരാതിയിൽ പറയുന്നു.
മുതിർന്ന കോൺഗ്രസ് നേതാവായ 81കാരൻ ഖുറേഷി 2014-15 കാലയളവിൽ മിസോറാം ഗവർണറായിരുന്നു. കുറച്ചുകാലത്തേക്ക് ഉത്തർപ്രദേശിന്‍റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.