മുമ്പ് മുഹമ്മദ് ഫൈസൽ, ഇപ്പോൾ രാഹുൽ...; രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പി നീക്കം തുടരുന്നു

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയും രാജ്യം ഭരിക്കുന്ന മോദി സർക്കാറും നടത്തുന്ന നീക്കത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടിയിലൂടെ വ്യക്തമാകുന്നത്. വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി 10​ വ​ർ​ഷം തടവുശിക്ഷ വിധിച്ച ലക്ഷദ്വീപ് സിറ്റിങ് എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെയും സമാന രീതിയിലുള്ള നീക്കമാണ് കേന്ദ്രം നടത്തിയത്.

2009 ഏ​പ്രി​ൽ 16ന് ​മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്​ദി​ന്റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് സ്വാലി​ഹി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാണ് മുഹമ്മദ് ഫൈസലിന് ക​വ​ര​ത്തി സെ​ഷ​ൻ​സ് കോ​ട​തി 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചത്. കവരത്തി കോടതി ശിക്ഷ വിധിച്ച് മണിക്കൂറിനുള്ളിൽ തന്നെ ഫൈസലിനെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ഇതിനു പിന്നാലെ ലക്ഷദ്വീപ് ലോക്സഭ മണ്ഡലത്തിൽ 2023 ഫെബ്രുവരി 27ന് ​തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി വിധി വരുന്നതിനുമുമ്പേ തിടുക്കത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ കുറ്റവും ശിക്ഷയും ജനുവരി 25ന് കേരള ഹൈകോടതി സിംഗ്ൾ ബെഞ്ച് ​മരവിപ്പിച്ചു. തന്നെ അയോഗ്യനാക്കി തെര​ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് ഫൈസൽ സു​പ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

ഹൈകോടതി വിധിയെ തുടർന്ന് ലക്ഷദ്വീപിൽ നടത്താനിരുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിക്കുകയും ചെയ്തു. ഫൈസലിനെതിരെ ചുമത്തിയ കുറ്റവും സെഷൻസ് കോടതി വിധിയും മരവിപ്പിച്ച കേരള ഹൈകോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ ഹരജിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ഇന്നലെ (മാർച്ച് 23) രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. മേൽകോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

കോടതി ശിക്ഷ വിധിച്ചെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതേസമയം, രാഹുലിന്‍റെ അംഗത്വം റദ്ദാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആർട്ടിക്ൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എം.പിയെ അയോഗ്യനാക്കാനുള്ള അധികാരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടത്. തുടർന്നാണ് അയോഗ്യനാക്കപ്പെട്ട എം.പി പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്സഭ സെക്രട്ടേറിയറ്റിന് പ്രഖ്യാപിക്കാൻ സാധിക്കൂ. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടുന്നു.

സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാ​ഹു​ല്‍ ഗാ​ന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിന്താൽ ഇന്നലെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരിക്കുകയാണ്.

2019 ഏപ്രിൽ 13ന് കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്' എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. തുടർന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂർണേഷ് മോദി പരാതിയിൽ പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തത്.

Tags:    
News Summary - Formerly Mohammad Faizal, now Rahul...; BJP's move to target political opponents continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.