ന്യൂഡൽഹി: തീയണയ്ക്കുന്നതിനിടെ ഡൽഹി ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും അഭ്യൂഹത. ജസ്റ്റിസിൻറെ വീടിനു സമീപത്തുനിന്ന് കത്തിയ 500 ന്റെ നോട്ടുകൾ കണ്ടെത്തിയതാണ് വീണ്ടും സംശയമുണ്ടാക്കുന്നത്.
പുറത്തേക്ക് തള്ളിയ തീപിടുത്തത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കത്തിയ നോട്ടുകൾ ലഭിച്ചതെന്നാണ് ശുചീകരണ തൊഴിലാളികൾ പറയുന്നത്. നാലഞ്ച് ദിവസം മുൻപ് മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് അഞ്ഞൂറിൻറെ കത്തിയ അവശിഷ്ടങ്ങൾ കണ്ടതെന്ന് അവർ പറയുന്നു. എന്തായാലും ജഡ്ജിക്കെതിരായ ആരോപണം ശരിവയ്ക്കുന്നതാണ് നിലവിലെ കണ്ടെത്തൽ. കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി മാലിന്യത്തോടൊപ്പം തങ്ങൾക്ക് നോട്ടിൻറെ അവശിഷ്ടങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് ശുചീകരണതൊഴിലാളിയായ സുരേന്ദർ പറയുന്നത്.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് യശ്വന്ത് വർമ കോടതിയിൽ സമർത്ഥിക്കാൻ ശ്രമിച്ചത്. തീപിടുത്തത്തിൻറെ അവശിഷ്ടങ്ങൾ താൻ താമസസ്ഥലത്തിന്റെ ഒരു വശത്തേക്ക് മാറ്റിയെന്നും അതിൽ നിന്നും നോട്ടിൻറെ അവശിഷ്ടങ്ങൾ ആർക്കും കണ്ടെത്താനായില്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ വാദം. അതിനിടയിലാണ് കത്തിയ നോട്ടുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ശനിയാഴ്ച സുപ്രീംകോടതി വെബ്സൈറ്റിൽ യശ്വന്ത് സിൻഹയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ ചിത്രങ്ങളും അന്വേഷണ റിപ്പോർട്ടും പ്രദർശിപ്പിച്ചു. 25 പേജുള്ള റിപ്പോർട്ടിൽ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കാനും ഒപ്പം യശ്വന്ത് വർമയെ ഒരു ജുഡീഷ്യൽ ഉത്തരവാദിത്തങ്ങളും ഏൽപ്പിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹി ഹൈകോടതിയോടാവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.