ജാമ്യമോ വിചാരണ​യോ ഇല്ലാതെ തിഹാർ ജയിലിൽ ഉമർ ഖാലിദി​ന്‍റെ അഞ്ചാംവർഷം

ന്യൂഡൽഹി: വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദ് വിചാരണയോ ജാമ്യമോ ഇല്ലാതെ രാജ്യ​ദ്രോഹക്കു​റ്റമാരോപിക്കപ്പെട്ട് തിഹാർ ജയിലിലെ അതീവ സുരക്ഷയുള്ള ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് നാലു വർഷം പിന്നിടുന്നു. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദ് ആണെന്ന ഡൽഹി പൊലീസി​ന്‍റെ ആരോപണത്തി​ന്‍റെ ബലത്തിൽ മാ​ത്രമാണ് അനന്തമായി നീളുന്ന ഈ ജയിൽവാസം. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥിയെ ഡൽഹി പോലീസി​ന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയിൽവരുന്ന കുറ്റങ്ങൾക്ക് പോലും ജാമ്യം നൽകാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ ജാമ്യം തേടി നിരവധി തവണ ഖാലിദ് ഒന്നിലധികം കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കു​ള്ള വഴി തുറന്നില്ല.

ആരോപിക്കപ്പെട്ട കുറ്റം നിഷേധിച്ച് നിരപരാധിയാണെന്ന് വാദിക്കുന്ന ഈ 36കാരൻ, സമാധാനപരമായ ഒരു പ്രതിഷേധത്തിൽ മാത്രമാണ് താൻ പങ്കെടുത്തതെന്ന് പറയുന്നു. കലാപം നടന്ന് മാസങ്ങൾക്കുള്ളിൽ വിവിധ കേസുകളിലായി 2500ഓളം പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വാദങ്ങളും വിചാരണകളും നടത്തി ഇതിനകം 2000ത്തിലധികം പേർക്ക് കീഴ്‌ക്കോടതികൾ ജാമ്യം നൽകി. ‘അന്തംകെട്ട’ അന്വേഷണത്തി​ന്‍റെ പേരിൽ ഈ കോടതികൾ പല ഘട്ടങ്ങളിലും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്നാൽ, ഖാലിദിനെതിരെ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഖാലിദിനെ മറ്റ് 17 പേർക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരിൽ പലരും ജാമ്യത്തിലിറങ്ങി. ജയിലിലടച്ച് ഒന്നര വർഷത്തിന് ശേഷം 2022 മാർച്ചിൽ കർക്കർദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിച്ചു. പിന്നീട്, ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും അവിടെയും നിഷേധിച്ചു. തുടർന്ന് ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപിച്ചു. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 11മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള അദ്ദേഹത്തി​ന്‍റെ ഹരജി മാറ്റിവെക്കുകയുണ്ടായി.

‘എന്താണ് ഭീകരതയെന്ന’തിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഉമർ ഖാലിദി​ന്‍റെ ജയിലിലെ അഞ്ചാം വർഷം ആരംഭിക്കുന്നത്. യു.എ.പി.എയുടെ 15ാം വകുപ്പ് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ നിരവധി ഹരജികൾ ഉണ്ട്. ‘മറ്റെന്തെങ്കിലും മാർഗത്തിലൂടെ’ യുള്ള ഭീകരത എന്താണെന്ന് കോടതി നിർവചിക്കേണ്ടതുണ്ടെന്ന് അതിൽ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തിലാണ് ‘രാജ്യദ്രോഹത്തിലെ അതികായനെ’ന്ന് ഡൽഹി പോലീസി​ന്‍റെ കുറ്റപത്രത്തിൽ ഉമർ ഖാലിദിനെ വിശേഷിപ്പിച്ചത്. ‘രാജ്യദ്രോഹക്കുറ്റത്തിലെ മുതിർന്നയാളാണ് പ്രതിയായ ഉമർ ഖാലിദ്. 2016 മുതൽ ഇതുമായി എത്ര ദൂരം സഞ്ചരിച്ചുവെന്ന് ഈ കേസി​ന്‍റെ അന്വേഷണത്തിൽ കണ്ടെത്തി’യെന്ന് പറഞ്ഞാണ് മുൻ ജെ.എൻ.യു വിദ്യാർത്ഥിക്കെതിരായ 40 പേജുള്ള കുറ്റപത്രം ആരംഭിക്കുന്നത്.

മാസങ്ങൾ നീണ്ട ഗൂഢാലോചനയിലേർ​പ്പെട്ടുവെന്ന് പൊലീസ് ആരോപിക്കുന്ന തെളിവുകൾ സാറ്റേൺ, ക്രിപ്റ്റൺ, റോമിയോ, ജൂലിയറ്റ്, എക്കോ എന്നിങ്ങനെ രണ്ട് ഡസനിലധികം പേരുടെ മൊഴികളിലാണ്. പ്രോസിക്യൂഷൻ ഐഡന്‍റിറ്റി രഹസ്യമാക്കി വെച്ചിരിക്കുന്ന സംരക്ഷിത സാക്ഷികളാണിവർ. ഖാലിദ് ‘രഹസ്യ യോഗങ്ങളിൽ’ പങ്കെടുത്തതായും 2020ൽ അന്നത്തെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഡൽഹി സന്ദർശിച്ചപ്പോൾ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു ഉമർ ഖാലിദി​ന്‍റെ പദ്ധതിയെന്നുമാണ് ഇവർ മൊഴി നൽകിയത്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും ​​പ്രോസിക്യൂഷൻ പറയുന്നു.

എന്നാൽ, ഈ മൊഴികൾ കേട്ടുകേൾവികളാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഏകദേശം 11 മാസത്തിനുശേഷം പോലും നിരവധി തവണ മാറ്റിയെഴുതിയിട്ടുണ്ടെന്നും ഖാലിദി​ന്‍റെ അഭിഭാഷകർ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാഹചര്യത്തെളിവുകൾ ഖാലിദിനെതിരായിട്ടുപോലും ഈ വാദങ്ങളെല്ലാം കോടതികൾ അംഗീകരിക്കുന്നുവെന്നും കലാപം നടക്കുമ്പോൾ ഖാലിദ് ഡൽഹിയിലായിരുന്നില്ല, മഹാരാഷ്ട്രയിലെ അമരാവതിയിലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടും അത് മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്നും അവർ പറയുന്നു.

Tags:    
News Summary - Four years and counting, Umar Khalid languishes in jail without bail or trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.