മുംബൈ: 56 വർഷം നീണ്ട പാർട്ടി ചരിത്രത്തിൽ ശിവസേന പ്രതിസന്ധി നേരിടുന്നത് ഇതു നാലാം തവണ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയാണ് നേരത്തേ മൂന്നു തവണ പ്രബലരുടെ വിമത സ്വരത്തിൽ പ്രതിസന്ധിയിലായതെങ്കിൽ ഇതാദ്യമായാണ് ഉദ്ധവ് കുരുക്കിലാകുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടി കൊടുത്തിട്ടും പ്രതിപക്ഷ നേതാവാകാത്തതിനെ തുടർന്ന് 1991ൽ ചഗൻ ഭുജ്ബലാണ് ആദ്യം പാർട്ടി വിട്ടത്. 18 എം.എൽ.എമാരുമായാണ് ഭൂജ്ബൽ പാർട്ടിവിട്ട് ആദ്യം കോൺഗ്രസിലും പിന്നീട് എൻ.സി.പിയിലും ചേർന്നത്. ഭൂജ്ബലിനൊപ്പമുണ്ടായിരുന്ന 12 എം.എൽ.എമാർ പിന്നീട് ശിവസേനയിലേക്ക് തിരിച്ചുപോയി.
2005ൽ താക്കറെയുടെ വലംകൈയായിരുന്ന നാരായൺ റാെണയും 2006 ൽ സഹോദര പുത്രൻ രാജ് താക്കറെയും പാർട്ടിവിട്ടു. അതുവരെ നിഴലുപോലെ ഒപ്പമുണ്ടായിരുന്ന തങ്ങളെ അവഗണിച്ച് ഉദ്ധവ് താക്കറെയെ വർക്കിങ് പ്രസിഡന്റാക്കിയതിൽ ചൊടിച്ചായിരുന്നു നീക്കം. ആദ്യം കോൺഗ്രസിലേക്കുപോയ റാണെ നിലവിൽ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന എന്ന പുതിയ പാർട്ടി ഉണ്ടാക്കിയ രാജ് 2004 ലെ തെരഞ്ഞെടുപ്പിൽ ശിവസേനക്ക് സാരമായ പരിക്കേല്പിച്ചു.
ഭരണത്തിലിരിക്കെ ആദ്യമായാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. അതും ഉദ്ധവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ. 55 ൽ 34 ഓളം എം.എൽ.എമാരുമായാണ് ഏക് നാഥ് ഷിൻഡെ ഉദ്ധവിന് വെല്ലുവിളി ഉയർത്തിയത്. താക്കറെമാരുടെ വിശ്വസ്തനായാണ് ഏക് നാഥ് ഷിൻഡെ അറിയപ്പെടുന്നത്.
താണെ മേഖലയിലെ പ്രമുഖൻ. ഓട്ടോ ഒാടിച്ചും ബിയർ കമ്പനിയിൽ പണിയെടുത്തും കഴിഞ്ഞ ഷിൻഡെയെ അന്തരിച്ച ആനന്ദ് ദിഗെയാണ് ശിവസേനയിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ശാഖാ പ്രമുഖും നഗരസഭാ കൗൺസിലറുമായ ഷിൻഡെ 2004 മുതൽ നിയമസഭയിലേക്ക് മത്സരിച്ചു തുടങ്ങി. ആനന്ദ് ദിഗെയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് പാർട്ടിയിൽ രണ്ടാമനായി. സഖ്യകക്ഷികളുടെ നിർബന്ധത്തെ തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നില്ലെങ്കിൽ ഷിൻഡെക്കായിരുന്നു അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.