മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം ഉടനുണ്ടാകുമെന്ന് സൂചന. തിങ്കളാഴ്ചയാണ് ശീതകാല നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനുമുമ്പ് മന്ത്രിസഭ വികസനം നടക്കും. വകുപ്പുകൾക്കായുള്ള തർക്കത്തിൽ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ബി.ജെ.പിയും വിട്ടുവീഴ്ചക്ക് തയാറാകുന്നില്ല. ആഭ്യന്തര, റവന്യൂ വകുപ്പുകൾക്കായാണ് പ്രധാന തർക്കം.
തർക്കം മൂർച്ഛിച്ചതോടെ ബുധനാഴ്ച ഡൽഹിയിൽ നടക്കാനിരുന്ന യോഗത്തിന് ഷിൻഡെ പോയില്ല. ഡൽഹിയിൽ ചെന്ന മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാർ പിതൃസഹോദരനും എൻ.സി.പി സ്ഥാപകനുമായ ശരദ് പവാറിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ചെന്നു കണ്ടതും ചർച്ചയായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്. ജന്മദിനത്തിൽ ആശംസ നേരാൻ പോയതാണെന്നാണ് അജിത്തിന്റെ പ്രതികരണം. മന്ത്രിസഭാ വികസനം ശനിയാഴ്ച ഉണ്ടാകുമെന്നും അജിത് പറഞ്ഞു.
അതേസമയം, മന്ത്രിസഭാ വികസന ദിവസം പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബി.ജെ.പിയുടെ മന്ത്രിമാരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായും താമസിയാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ, അജിത് പവാറിന് പ്രാധാന്യം നൽകി ബി.ജെ.പി തങ്ങളെ ഒതുക്കുകയാണെന്ന ആരോപണം ഷിൻഡെ പക്ഷം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.