ശ്രീനഗർ: ജി20 ടൂറിസം വർക്കിങ് ഗ്രൂപ് യോഗം ശ്രീനഗറിൽ ഇന്ന് തുടങ്ങാനിരിക്കെ കനത്ത സുരക്ഷാവലയത്തിൽ കശ്മീർ താഴ്വര. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് കശ്മീർ ഒരു രാജ്യാന്തര പരിപാടിക്ക് വേദിയാകുന്നത്. 370ാം വകുപ്പ് പിൻവലിച്ച് മൂന്നു വർഷം കഴിഞ്ഞ് നടക്കുന്ന ത്രിദിന പരിപാടി വൻവിജയമാക്കാൻ വൻ സുരക്ഷയാണ് നഗരത്തിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്.
തുടർച്ചയായ വ്യോമനിരീക്ഷണത്തിന് ദേശീയ സുരക്ഷ ഗാർഡിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ പ്രത്യേക ഡ്രോൺവേധ ഉപകരണം പ്രവർത്തിക്കും. ചാവേർ ആക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു-കശ്മീർ പൊലീസിലെ പ്രത്യേക ഓപറേഷൻ ഗ്രൂപ് വിവിധ ഇടങ്ങളിൽ നിലയുറപ്പിക്കും. ഡ്രോൺ ആക്രമണ സാധ്യതയും ഇവർ നിരീക്ഷിക്കും.
വേദിയായ ശേറെ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിനു നേരെ ഉണ്ടാകാവുന്ന ഭീഷണികൾ നിരീക്ഷിക്കാൻ നാവിക സേനയുടെ ‘മാർകോസ്’ കമാൻഡോകളെ ദാൽ തടാകത്തിൽ വിന്യസിച്ചിട്ടുണ്ട്.ഇവർ തന്നെയാകും രാജ്യാന്തര പ്രതിനിധികൾക്കും സുരക്ഷയൊരുക്കുക. 1,000 സി.സി.ടി.വി കാമറകളും നഗരത്തിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വേദിക്കരികിലേക്കുള്ള പാതയിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ശ്രീനഗർ പൊലീസ് അറിയിച്ചു. ചെനാബ് നദിയിൽ ബി.എസ്.എഫുകാർ പ്രത്യേക ബോട്ടുകളിൽ നിരീക്ഷണം നടത്തും. നഗരത്തിലും പരിസരങ്ങളിലും അടിയന്തരമായി റോഡ് അറ്റകുറ്റപ്പണിയും മോടി കൂട്ടലും പുരോഗമിക്കുകയാണ്.
ഇന്ത്യയിൽനിന്നുൾപ്പെടെ 180 പ്രതിനിധികൾ ശ്രീനഗറിൽ എത്തും. ദാൽ തടാകത്തിന് അഭിമുഖമായ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരിക്കും ഇവരുടെ താമസം.ചൈന, തുർക്കിയ, സൗദി അറേബ്യ എന്നിവയൊഴികെ രാജ്യങ്ങൾ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. പാകിസ്താൻ നിലപാടിനൊപ്പം നിൽക്കുന്ന ചൈന തർക്കപ്രദേശത്ത് യോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിട്ടുനിൽക്കുന്നത്.
ജമ്മു-കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി പരിപാടി വൻ വിജയമാക്കാൻ സർക്കാർ ശ്രമം തുടരുന്നതിനിടെ മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തേ തുറന്ന ജയിലാക്കി മാറ്റിയിരുന്ന കശ്മീരിനെ ഗ്വണ്ടാനമോ തടവറക്കു സമാനമായി മാറ്റിയിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. വീടുകൾ വരെ അവർ കൈയേറിയതായും മഹ്ബൂബ ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ജി20 ഉച്ചകോടിയുടെ മുന്നോടിയായി നേരത്തേ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലും ബംഗാളിലെ സിലിഗുരിയിലും നടന്ന ടൂറിസം കർമസമിതി യോഗങ്ങളുടെ തുടർച്ചയായാണ് കശ്മീരിലേത്. സെപ്റ്റംബറിൽ ന്യൂഡൽഹിയിലാണ് ജി20 ഉച്ചകോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.