തിരു: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അന്താരാഷ്ട്ര സമൂഹത്തിന്റെ മുൻപിൽ ഇന്ത്യ ഇന്നേവരെ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങൾക്ക് മുറിവേൽക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിെൻറത്. സമാധാനത്തിനും സഹായത്തിനുമായി ഉറ്റുനോക്കുന്നവരുടെ കണ്ണുകളിൽ ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യത്തിൻറെ മുഖം വികൃതമാക്കപ്പെട്ടിരിക്കുന്നെന്നും വേണുഗോപാൽ പറഞ്ഞു.
ഇന്ത്യ എക്കാലവും സമാധാനത്തിെൻറയും സഹവർത്തിത്വത്തിെൻറയും സന്ദേശം ഉയർത്തിപ്പിടിച്ച രാജ്യമായിരുന്നു. അഹിംസയുടെയും സത്യത്തിെൻറയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ഈ അടിസ്ഥാന മൂല്യങ്ങളെയാണ് ഈ നിലപാടിലൂടെ ചവിട്ടിയരക്കപ്പെട്ടത്. വ്യോമാക്രമണങ്ങളിലും ഇസ്രായേൽ അധിനിവേശത്തിലും ഗാസയിലെ നിസ്സഹായരും നിരപരാധികളുമായ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കും മുൻപ് ഈ യാഥാർഥ്യം ഭരണകൂടം തിരിച്ചറിയണമായിരുന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇന്ത്യ പോലൊരു രാജ്യം വെടിനിർത്തൽ കാംക്ഷിക്കുമെന്നത് ലോകരാജ്യങ്ങൾ അടക്കം പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, ലോകത്തിന് മുന്നിൽ ഈ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥിതി വരെയുണ്ടായി.
എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് പലസ്തീനിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും ജീവന്റെ നിലനിൽപിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെടുമ്പോൾ ആ വിഷയത്തിൽ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ നമ്മൾ നേടിയ എല്ലാ പുരോഗതികൾക്കും എതിരാണ്. തനി ഫാസിസ്റ്റ് ഭരണകൂടത്തിന് മാത്രമേ ഇങ്ങനെ വിട്ടുനിൽക്കാൻ കഴിയൂ. ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിച്ച ഭരണകൂടം ഈ രാജ്യത്തോട് മാപ്പ് പറഞ്ഞേ മതിയാകൂയെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.